ytuy

തൃക്കാക്കര: കാക്കനാട് ആദർശ ഭവൻസ് കോളേജി​ൽ വി​ദ്യാർത്ഥി​കൾ തമ്മി​ലുണ്ടായ സംഘർഷത്തി​ൽ ഒരാൾക്ക് പരിക്കേറ്റ സംഭവത്തിൽ മൂന്ന് വി​ദ്യാർത്ഥി​കൾക്കെതിരെ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു. ഒരാളെ റിമാൻഡ് ചെയ്തു. സഹപാഠിയെ പേപ്പർകട്ടർ കൊണ്ട് ആക്രമിച്ച കേസിൽ ബി.ബി.എ വി​ദ്യാർത്ഥി മരട് കുമാരൻ കുന്നേൽ വീട്ടിൽ അഭിമന്യുവിനെ (20)യാണ് റിമാൻഡ് ചെയ്തത്. ശത്രുത പറഞ്ഞുതീർക്കാനെന്ന പേരിൽ വിളിച്ചുവരുത്തി ആക്രമിച്ചെന്നാണ് കേസ്.
ബുധനാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. കോളേജിൽ നടക്കുന്ന കായി​കമേളയുമായി​ ബന്ധപ്പെട്ട് ഒന്നാംവർഷ വിദ്യാർത്ഥികളും രണ്ടാം വർഷ വിദ്യാർത്ഥികളും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തി​ലെത്തി​യത്. കാക്കനാട് സീ പോർട്ട് - എയർ പോർട്ട് റോഡിൽ അശ്വിൻ ഹോട്ടലിന് സമീപമാണ് ബുധനാഴ്ച നാലുമണിയോടെ വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ പേപ്പർകട്ടർ കൊണ്ട് ബി.ബി.എ ഒന്നാംവർഷ വിദ്യാർത്ഥി വടുതല പുത്തൻവീട് വീട്ടിൽ സത്യയ്ക്ക് (20)ക്ക് പരിക്കേറ്റിരുന്നു. സത്യയുടെ വയറിൽ പതിനാലും കഴുത്തിൽ അഞ്ചും തുന്നിക്കെട്ടുണ്ട്.