
ബിഗ് ബിയ്ക്ക് ശേഷം അമല്‍ നീരദ് - മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമായ ഭീഷ്‌മപർവ്വം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഭീഷ്‌മപർവ്വത്തിനൊപ്പം ദുൽഖർ സൽമാൻ്റെ തമിഴ് ചിത്രമായ ഹേ സിനാമികയും റിലീസ് ചെയ്‌തിരുന്നു. നേരത്തെ റിലീസ് ചെയ്ത മോഹൻലാൽ ചിത്രം ആറാട്ടും പ്രണവ് മോഹൻലാലിന്റെ ഹൃദയം എന്ന വിനീത് ശ്രീനിവാസൻ ചിത്രവും ഇപ്പോഴും പ്രദർശനം തുടരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ സംവിധായകൻ രഞ്‌ജിത്ത് ശങ്കർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ദുല്‍ഖറിന്റേയും പ്രണവിന്റേയും ചിത്രങ്ങള്‍ ഒരേസമയം തിയേറ്ററില്‍ എത്തുന്നത് ഇതാദ്യമായിട്ടാണ്. നാല് പേരുടേയും സിനിമകളുടെ സ് തിയേറ്ററിനുള്ളില്‍ ഒരുമിച്ച വെച്ച ചിത്രം പങ്കുവെച്ചുകൊണ്ട് ‘The get-together!’ എന്ന് സംവിധായകൻ രഞ്ജിത് ശങ്കർ ഫേസ്ബുക്കില്‍ കുറിച്ചു.
നിരവധി കമന്റുകളാണ് രഞ്ജിത് ശങ്കറിന്റെ പോസ്റ്റിന് താഴെ വരുന്നത്. ബിഗ് എം ഫാമിലിയെന്നും ഇത് ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ സംഭവമാണെന്നും ചിലര്‍ കുറിച്ചു.
പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഹൃദയം’ ജനുവരി 21നാണ് തിയേറ്ററുകളില്‍ എത്തിയത്. ചിത്രം വലിയ തോതിൽ സ്വീകാര്യത നേടി. ഒടിടിയിൽ റിലീസ് ചെയ്തിട്ടും തിയേറ്ററുകളിൽ ചിത്രം പ്രദർശനം തുടരുകയാണ്.