
കാബൂൾ: പാകിസ്ഥാനിലെ പെഷാവർ ഷിയ പള്ളിയിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തു. ചാവേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 57 ആയി. ഇരുനൂറിലധികം പേർക്ക് പരിക്കേറ്റു. ഇതിൽ പത്ത് പേരുടെ നില ഗുരുതരമാണ്.
കുച്ച റിസാൽ ദാർ പള്ളിയിൽ ഇന്നലെ വിശ്വാസികൾ നിസ്‌കാരം നടത്തുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. മരണസംഖ്യ വർദ്ധിച്ചേക്കാം. രണ്ടു ചാവേറുകള്‍ പള്ളിക്കുള്ളില്‍ കടന്ന് സ്ഫോടനം നടത്തുകയായിരുന്നു. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലാണ് സ്ഫോടനം നടന്ന ജാമിയ മുസ്ലിം പള്ളി സ്ഥിതി ചെയ്യുന്നത്.
പള്ളിയിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ അക്രമികൾ കാവൽ നിന്നിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ വെടിവച്ചു. ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. സ്ഫോടനത്തെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അപലപിച്ചു. പാകിസ്ഥാനിൽ ഷിയാ വിഭാഗത്തിന് നേരെയുള്ള ആക്രമണങ്ങൾ അടുത്തകാലത്തായി ഗണ്യമായി വർദ്ധിക്കുന്നുണ്ട്.