ukriane

ന്യൂഡൽഹി: കീവിൽ നിന്ന് മടങ്ങുന്നതിനിടെ വെടിയേറ്റ മെഡിക്കൽ വിദ്യാർത്ഥി ഹർജോത് സിംഗിന്റെ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്ന് കുടുംബം. ഇന്ത്യൻ എംബസിയിൽ ബന്ധപ്പെട്ടിട്ടും ഇതുവരെ സഹായം കിട്ടിയില്ലെന്നും, മകനെ അടിയന്തരമായി തിരികെ എത്തിക്കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു.

ഒരു വെടിയുണ്ട ഹർജോതിന്റെ ശരീരത്തിൽ തുളഞ്ഞുകയറിയെന്നും ബന്ധുക്കൾ പറഞ്ഞു. ഇന്ത്യയിലെ യുക്രെയിൻ എംബസിയാണ് ആശുപത്രിയിൽ സൗകര്യം ഒരുക്കിയത്. തിരികെ എത്തിക്കാനുള്ള നടപടിയെടുക്കേണ്ടത് ഇന്ത്യൻ സർക്കാരാണെന്ന് മാതാപിതാക്കൾ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

' ഫെബ്രുവരി 26ന് മകൻ വിളിച്ചിരുന്നു. ഒഴിയാൻ നിർദേശം ലഭിച്ചെന്നും അതിർത്തിയിലേക്ക് പോകുകയാണെന്നും പറഞ്ഞു. സുഹൃത്തുക്കൾക്കൊപ്പം ടാക്‌സി വിളിച്ചാണ് പോയത്. പിന്നെ വിവരമൊന്നുമുണ്ടായില്ല. ഈ മാസം രണ്ടാം തീയതി വെടിയേറ്റെന്ന് പറഞ്ഞു വിളിച്ചു. ഇതുവരെ ആശങ്ക മാറിയിട്ടില്ല. കാലിനും പരിക്കുണ്ട്. മകനെ തിരികെ എത്തിക്കണം. അപേക്ഷിക്കുകയാണ്.'- യുവാവിന്റെ പിതാവ് പറഞ്ഞു.

തന്റെ മകനെ മാത്രമല്ല എല്ലാവരെയും തിരികെ എത്തിക്കണമെന്നും, അവൻ ആശുപത്രിയിലായതിനാൽ പ്രത്യേക സൗകര്യത്തിൽ കൊണ്ടുവരണമെന്നും ഹർജോത് സിംഗിന്റെ മാതാവ് ആവശ്യപ്പെട്ടു. കീവിൽ നിന്ന് ലീവിവിലേക്ക് കാറിൽ പോകുന്നതിനിടെയാണ് വിദ്യാർത്ഥിക്ക് വെടിയേറ്റത്.