
കൊല്ലം: സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന്റെ പേരിൽ തട്ടിപ്പ്. വ്യാജ വാട്‌സാപ്പ് അക്കൗണ്ടിലൂടെ കൊല്ലത്തെ അദ്ധ്യാപികയിൽ നിന്നും സംഘം പതിനാല് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഓൺലൈൻ ലോട്ടറി അടിച്ചുവെന്ന് പറഞ്ഞാണ് കൊല്ലം സ്വദേശിക്ക് വാട്‌സാപ്പിൽ സന്ദേശം ലഭിച്ചത്.
സമ്മാനത്തുക നൽകുന്നതിന് മുമ്പ് നികുതി അടയ്ക്കാനുള്ള പണം കമ്പനിക്ക് നൽകണമെന്നും സന്ദേശത്തിലുണ്ടായിരുന്നു. സംശയം തോന്നിയ പരാതിക്കാരി തിരിച്ചുസന്ദേശമയച്ചു. പിന്നാലെ ഡിജിപിയുടെ ഫോട്ടോ വച്ചുകൊണ്ടുള്ള ഒരു സന്ദേശമാണ് വന്നത്. ടാക്‌സ് അടയ്ക്കണമെന്നും അല്ലെങ്കിൽ നിയമ നടപടി നേരിടേണ്ടിവരുമെന്നുമായിരുന്നു സന്ദേശത്തിൽ ഉണ്ടായിരുന്നത്.
ഡിജിപിയുടെതെന്ന പേരിലുള്ള സന്ദേശത്തിൽ താൻ ഇപ്പോൾ ഡൽഹിയിലാണെന്നും പറഞ്ഞിരുന്നു. തുടർന്ന് അദ്ധ്യാപിക പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചു. ഡിജിപി ഡൽഹിയിലാണെന്ന മറുപടി ലഭിച്ചപ്പോൾ വാട്‌സാപ്പ് സന്ദേശത്തിൽ പറഞ്ഞതൊക്കെ സത്യമായിരിക്കുമെന്ന് കരുതി പണം അയച്ചുകൊടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.