
കുറച്ച് കാലമായി സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഭക്ഷണമാണ് അക്കായ് ബൗൾ. 'അസായി' എന്നോ 'അക്കായ്' എന്നോ വിളിക്കാം, അല്ലെങ്കിൽ തന്നെ ഭക്ഷണം സ്വാദുള്ളതാണെങ്കിൽ പിന്നെ എങ്ങനെ വിളിക്കുന്നു എന്നതിന് പ്രസക്തി ഇല്ലല്ലോ. കട്ടിയുള്ള സ്മൂത്തി അല്ലെങ്കിൽ പഴങ്ങളെ പേസ്റ്റ് രൂപത്തിലാക്കി അതിൽ ഓട്സ്, ചോക്കലേറ്റ്, മറ്റ് പഴങ്ങൾ, ബദാം,വിത്തുകൾ എന്നിവ ചേർത്ത് ഭംഗികൊണ്ടും രുചികൊണ്ടും ആരെയും ആകർഷിക്കുന്ന തരത്തിലാണ് ഇവ തയാറാക്കുന്നത്. ലോകമെമ്പാടുമുള്ള ഫിറ്റ്നസ് പ്രേമികൾക്ക് ഏറ്റവും പ്രിയപ്പെട്ട പ്രഭാതഭക്ഷണങ്ങളിൽ ഒന്നാണ് അക്കായ് ബൗൾ. എന്നാൽ ഇത് വെറും പ്രചരണം മാത്രമാണോ?
ആരോഗ്യപ്രദമായ എല്ലാ ഭക്ഷണങ്ങൾക്കും രണ്ട് വശങ്ങളുണ്ട്. ഒരു ഭക്ഷണം തെരഞ്ഞെടുക്കുമ്പോൾ അതിന്റെ നല്ലതും ചീത്തയുമായ വശങ്ങളെ പറ്റി മനസിലാക്കിയ ശേഷം മാത്രം ദിനചര്യയിൽ ഉൾപ്പെടുത്തുക. തടി കുറയ്ക്കാൻ അല്ലെങ്കിൽ കൂട്ടാൻ, ആരോഗ്യം വർദ്ധിക്കാൻ, ശരീരത്തിന് വേണ്ട പോഷകങ്ങൾ ലഭിക്കാൻ അങ്ങനെ പല ആവശ്യങ്ങൾക്ക് വേണ്ടിയാകും നിങ്ങൾ പല തരത്തിലുള്ള ഭക്ഷണങ്ങൾ തേടിപോകുന്നത്. പല കാര്യങ്ങളും ശ്രദ്ധിക്കാതെ നിങ്ങൾ പുതിയൊരു ഭക്ഷണരീതി പിന്തുടർന്നാൽ വിപരീതമായ ഫലമാകും ലഭിക്കുക. അതിനാൽ ഏത് ഭക്ഷണമായാലും തെരഞ്ഞെടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കുക.
അക്കായ് ബൗളിന്റെ ഗുണങ്ങളെയും ദോഷങ്ങളെയും പറ്റി അറിയാം

ഗുണങ്ങൾ
1. ആന്റി ഓക്സിഡന്റുകൾ, പ്രോട്ടീൻ, വിറ്റാമിൻ എന്നിവയാൽ സമ്പന്നമായതിനാൽ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കാൻ അക്കായ് ബൗൾ സഹായിക്കുന്നു.
2. വിവിധ നിറങ്ങളിലും, രുചിയിലും തയ്യാറാക്കാൻ കഴിയുന്നതാണ് അക്കായ് ബൗൾ. നമ്മുടെ ഇഷ്ടാനുസരണം ചേരുവകളിൽ മാറ്റം വരുത്തി തയ്യാറാക്കാം എന്നതും ഒരു പ്രത്യേകതയാണ്.
3. പഴങ്ങൾ, ബദാം, വിത്തുകൾ തുടങ്ങി ആരോഗ്യപ്രദവും സ്വാദിഷ്ടവുമായ ചേരുവകൾ കൊണ്ടാണ് ഇത് തയ്യാറാക്കുന്നത്. അതിനാൽ കുറഞ്ഞ സമയത്തിനുള്ളിൽ തയാറാക്കാൻ കഴിയുന്ന സ്വാദിഷ്ടമായ വിഭവം എന്ന സവിശേഷതയും അക്കായ് ബൗളിനുണ്ട്.

ദോഷങ്ങൾ
1. പോഷക സമ്പുഷ്ടമായ ഒന്നിലധികം ചേരുവകൾ ഉപയോഗിക്കുന്നതിനാൽ അമിതമായി കലോറി ശരീരത്തിലെത്തുന്നു. ശരീരഭാരം വേഗത്തിൽ കൂടുന്നതിന് ഇത് കാരണമാകും.
2. പഴങ്ങളിൽ ഫ്രക്ടോസ്(പഞ്ചസാര) അടങ്ങിയിട്ടുണ്ട്. രുചി കൂടാനായി അക്കായ് ബൗളിൽ പാലും തൈരും ചേർക്കുന്നു. ഈ ചേരുവകൾ എല്ലാം ശരീരത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതിന് കാരണമാകും. അതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്കും, പ്രമേഹരോഗികൾക്കും അക്കായ് ബൗൾ കഴിക്കുന്നത് അങ്ങേയറ്റം ദോഷകരമാണ്.
3. പോഷകങ്ങളാൽ സമ്പന്നമായതിനാൽ എത്ര അളവിൽ ഏതൊക്കെ പോഷകങ്ങൾ ശരീരത്തിലെത്തി എന്നത് കണ്ടെത്താനും ബുദ്ധിമുട്ടാണ്.