
കൊച്ചി: തന്നെ കൊല്ലാനായി ആറു പേർ പിന്നിലുണ്ടെന്ന വെളിപ്പെടുത്തലുമായി നമ്പർ 18 ഹോട്ടലിലെ പോക്സോ കേസ് പ്രതി അഞ്ജലി റീമാദേവ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുതിയ വീഡിയോയിലൂടെയാണ് അവർ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. താൻ ആത്മഹത്യ ചെയ്യില്ല. മരിച്ചാൽ ഇതു തന്റെ മരണ മൊഴിയായി കണക്കാക്കണം. തന്റെ ജീവിതമാണ് ഇപ്പോൾ നശിച്ചുകൊണ്ടിരിക്കുന്നതെന്നും അഞ്ജലി പറഞ്ഞു.
' കടുത്ത മാനസിക സമ്മർദ്ദമാണ് ഇപ്പോൾ അനുഭവിക്കുന്നത്. കുറച്ചു ദിവസമായി സമൂഹത്തിലെ ഏറ്റവും മോശപ്പെട്ട സ്ത്രീയായി എന്നെ ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനു അടിസ്ഥാനം ഒരു സ്ത്രീ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ മാത്രമാണ്. ബോയ് ഫ്രണ്ടില്ലാത്തവർക്കു ബോയ് ഫ്രണ്ടിനെ കൊടുക്കും, കാവൽ നിൽക്കും, അവർ നേരിട്ടു കണ്ടിട്ടുണ്ട് എന്ന്. ഞാൻ ഹണി ട്രാപ്പ് ചെയ്യുന്നത് കണ്ടുവെന്ന തരത്തിലാണ് പറയുന്നത്.
ബിപി ഗുളിക എന്നു പറഞ്ഞു മെഡിസിൻ ബോക്സിൽ പഞ്ഞി വച്ചു കൊണ്ടു നടന്നു, കൂടിയ ലഹരി ഉപയോഗിക്കുന്നതു നേരിട്ട് കണ്ടിട്ടുണ്ട്. സ്ത്രീകളുമായി മറ്റു രീതിയിലുള്ള ബന്ധമുണ്ട്, അതും അവർക്ക് നേരിട്ട് അറിയാമെന്ന്.
നമ്പർ 18 ഹോട്ടലിൽ വച്ച് എന്തോ കാഴ്ച കണ്ടു, ഞാൻ ലഹരി ഉപയോഗിക്കുന്നത് നേരിട്ടു കണ്ടു എന്നുമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് മാദ്ധ്യമങ്ങൾ ഉൾപ്പെടെ എല്ലാവരും എന്നെ മോശക്കാരിയായി ചിത്രീകരിച്ചിരിക്കുന്നത്.
ആത്മഹത്യ ചെയ്യണമെന്നു പോലും ആലോചിച്ചു. പക്ഷേ തെറ്റ് ചെയ്യാത്ത ഞാനെന്തിനാണ് ആത്മഹത്യ ചെയ്യുന്നത്. ഇനിയൊരു പെൺകുട്ടിക്കും ഇതുപോലൊരു അവസ്ഥ വരരുത്. ഇതിന്റെയെല്ലാം പിന്നിൽ ആറു പേർ ആണ്. വൈകാതെ അവരുടെ പേര് പുറത്തു പറയും. രാഷ്ട്രീയക്കാരും സന്നദ്ധ പ്രവർത്തകരും ട്രസ്റ്റ് ഭാരവാഹികളും പിന്നിലുണ്ട്. " അഞ്ജലി വീഡിയോയിൽ പറയുന്നു.
കഴിഞ്ഞ ഒക്ടോബറിൽ നമ്പർ 18 ഹോട്ടലിൽ വച്ച് ഹോട്ടലുടമ റോയി ജെ വയലാട്ട് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കോഴിക്കോട് സ്വദേശികളായ അമ്മയുടെയും മകളുടെയും പരാതി. ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചനേയും സുഹൃത്ത് അഞ്ജലിയേയും പ്രതിചേർത്തിട്ടുണ്ട്.
പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും പോലീസിൽ പരാതി നൽകിയാൽ ഈ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.