
സിഡ്‌നി: ബാറ്റ്സ്‌മാൻമാരുടെ പേടി സ്വപ്നമായിരുന്ന, നൂറ്റാണ്ടിന്റെ പന്തിന്റെ ഉടമയായ ഓസ്ട്രേലിയൻ ഇതിഹാസതാരം ഷേൻ വാൺ തന്റെ 52ാം വയസിൽ അപ്രതീക്ഷിതമായി വിടവാങ്ങിയതിന്റെ അമ്പരപ്പിലാണ് ആരാധകർ. ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഷേനിന്റെ നിഗൂഢമായ ബോളിംഗ് പോലെ തന്നെയായിരുന്നു അദ്ദേഹവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും.
മരണത്തിന് നാല് ദിവസങ്ങൾക്ക് മുൻപായി തന്റെ പഴയകാല ചിത്രം പങ്കുവച്ച് തനിക്ക് തിരികെ അതുപോലെയാകണമെന്ന് ഷേൻ വാൺ ഇൻസ്റ്റാഗ്രാമിൽ പറഞ്ഞിരുന്നു. ജൂലായോടെ പഴയപടിയാകണമെന്നും അതിനായി ഓപ്പറേഷൻ ഷെഡ് ആരംഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ തന്റെ ലക്ഷ്യം നിറവേറ്റാനാകാതെയാണ് ഷേൻ മടങ്ങിയത്.
ശരീരഭാരത്തിന്റെ പേരിൽ എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്ന താരമാണ് ഷേൻ. 2020ൽ 14 കിലോ ഭാരം കുറച്ച് ആരാധകരെ ഞെട്ടിക്കുകയും ചെയ്തിരുന്നു. ഇതിനുമുൻപും ഭാരം കുറച്ച് താരം മാദ്ധ്യമശ്രദ്ധ നേടിയിരുന്നു. ഹോളിവുഡ് സൂപ്പർനായികയായ ലിസ് ഹർളിയുമായി പ്രണയത്തിലായിരിക്കെ പത്ത് കിലോയാണ് ഷേൻ കുറച്ചത്. വിവാഹവും പ്രണയവും വിവാദങ്ങൾ സൃഷ്ടിച്ച ജീവിതമായിരുന്നു ഷേനിന്റേത്. സിമോണി കാലഹാനുമായുള്ള പത്ത് വർഷത്തെ ദാമ്പത്യബന്ധം 2005ൽ അവസാനിപ്പിച്ചാണ് ലിസ് ഹർളിയുമായി പ്രണയത്തിലാവുന്നത്.
ഷേനിന്റെ ശരീരഭാരം സംബന്ധിച്ച് വിവാദങ്ങളും ഉയർന്നിരുന്നു. ഷേൻ പ്ളാസ്റ്റിക് സർജറിയ്ക്ക് വിധേയനായെന്നും ഭാരം കുറയ്ക്കുന്നതിനായി മാരകമായ മരുന്നുകൾ ഉപയോഗിച്ചുവെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതെല്ലാം നിഷേധിച്ച ഷേൻ പരമ്പരാഗത ചൈനീസ് മരുന്നുകളാണ് ശരീരഭാരം കുറച്ചതിന് പിന്നിലെ രഹസ്യമെന്നും ഭക്ഷണക്രമീകരണവും ഏറെ സഹായിച്ചുവെന്നും താരം വ്യക്തമാക്കിയിരുന്നു.
തന്റെ കരിയറിലുടനീളം കാത്തുസൂക്ഷിച്ചിരുന്ന നാടകീയത ഷേനിന്റെ ജീവിതത്തിലും പ്രകടമായിരുന്നു. ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത രണ്ടാമത്തെ താരമായ ഷേൻ വിശേഷിപ്പിക്കപ്പെടുന്നതുതന്നെ ക്രിക്കറ്റിലെ സ്പിൻ ഇതിഹാസം എന്നാണ്. എന്നാൽ തനിക്ക് ഈ അത്ഭുത സിദ്ധി എങ്ങനെ ലഭിച്ചുവെന്ന് അറിയില്ലെന്നാണ് താരം പ്രതികരിച്ചത്. തന്നെ ക്രിക്കറ്റ് കണ്ടെത്തുകയായിരുന്നെന്നും താൻ സ്പിന്നറായി ജനിക്കുകയായിരുന്നെന്നുമാണ് ഷേൻ പ്രതികരിച്ചത്. താരത്തിന്റെ മറ്റൊരു നിഗൂഢത കണ്ണുകളിലാണ്. കളിക്കിടയിൽ എതിർ കളിക്കാരെ നോട്ടത്തിലൂടെ കുഴപ്പിക്കുന്ന താരത്തിന്റെ കണ്ണുകൾക്കുമുണ്ടായിരുന്നു വലിയൊരു പ്രത്യേകത. ഒരു കണ്ണിന് പച്ച നിറവും മറ്റേതിന് നീല നിറവുമായിരുന്നു. ഹെറ്ററോക്രോമിയ എന്ന ജനിതക വൈക്യമായിരുന്നു ഇതിന് കാരണം.