medical-students

ന്യൂഡൽഹി: കൊവി‌ഡ് ,യുക്രെയിൻ യുദ്ധം പോലുള്ള നിയന്ത്രണാതീതമായ സാഹചര്യങ്ങളാൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ കഴിയാത്ത വിദേശത്ത് പഠിക്കുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇനി ഇന്ത്യയിൽ തന്നെ പരിശീലനം പൂർത്തിയാക്കാം. കഴിഞ്ഞ ദിവസം ദേശീയ മെഡിക്കൽ കമ്മീഷൻ പുറപ്പെടുവിച്ച സർക്കുലറിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻ നടത്തുന്ന ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ(എഫ്എംജിഇ) പാസായെങ്കിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കുന്നതിനുള്ല അപേക്ഷ സംസ്ഥാന മെഡിക്കൽ കൗൺസിലുകൾക്ക് അയക്കാമെന്ന് ഇന്ത്യൻ മെഡിക്കൽ വിദ്യാഭ്യാസ റെഗുലേറ്ററി ബോഡി അറിയിച്ചു. യുദ്ധം, കൊവിഡ് തുടങ്ങിയ സാഹചര്യങ്ങളാൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ കഴിയാത്ത വിദേശ മെഡിക്കൽ ബിരുദധാരികൾക്ക് ഇത് പ്രയോജനപ്പെടുത്താമെന്നും എൻഎംസി പറഞ്ഞു. റഷ്യൻ ആക്രമണത്താൽ കോഴ്സുകൾ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്ന യുക്രെയിനിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇത് വളരെയധികം ആശ്വാസകരമാണ്. ആയിരക്കണക്കിന് വിദ്യർത്ഥികളാണ് റഷ്യൻ സൈനിക ആക്രമണത്തെ തുടർന്ന് കേന്ദ്ര സർക്കാർ അയച്ച വിമാനങ്ങളിൽ രാജ്യത്തേക്ക് മടങ്ങിയത്.

ഇന്ത്യയിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾ എഫ്എംജിഇ പാസായിട്ടുണ്ടെന്ന് സംസ്ഥാന മെഡിക്കൽ കൗൺസിലുകൾ ഉറപ്പാക്കണം. ശേഷം 12 മാസത്തെ ഇന്റേൺഷിപ്പ് അല്ലെങ്കിൽ ബാക്കിയുള്ള കാലയളവ് അനുവദിക്കാം എന്നും സർക്കുലറിൽ പറയുന്നു. ഇന്റേൺഷിപ്പ് പൂർത്തിയാക്കുന്നതിന് വിദ്യാർത്ഥികളിൽ നിന്നും ഫീസ് ഈടാക്കുന്നില്ല എന്ന് ഉറപ്പു വരുത്തണമെന്നും എൻഎംസി സംസ്ഥാന മെഡിക്കൽ കൗൺസിലുകളോട് ആവശ്യപ്പെട്ടു. സ്റ്റൈപ്പന്റും മറ്റ് സൗകര്യങ്ങളും നിശ്ചയിച്ച പ്രകാരം ഇന്റേൺഷിപ്പ് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നൽകണമെന്നും സർക്കുലറിൽ പറയുന്നു.