
തിരുവനന്തപുരം: കെ എസ് ആർ ടി സി പുതുതായി വാങ്ങുന്ന വോൾവോ സ്ലീപ്പർ ബസുകളുടെ ആദ്യ ബാച്ച് തലസ്ഥാന നഗരിയിൽ എത്തി. ദീർഘദൂര സർവീസുകൾക്കായി കെ എസ് ആർ ടി സി രൂപീകരിച്ച കമ്പനിയായ സ്വിഫ്‌റ്റിനുവേണ്ടിയാണ് ലക്ഷ്വറി വോൾവോ ബസുകൾ വാങ്ങിയത്.
വോൾവോ ഷാസിയിൽ വോൾവോ തന്നെ ബോഡി നിർമിച്ച ഇന്ത്യയിലെ ആദ്യ എട്ട് സ്ലീപ്പർ ബസുകളാണിവ. വോൾവോ ബി11 ആർ ഷാസി ആണ് നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇതാദ്യമായാണ് കോർപ്പറേഷൻ സ്ലീപ്പർ ബസുകൾ വാങ്ങുന്നത്. തിരുവനന്തപുരം ആനയറയിലുള്ള സിഫ്‌റ്റിന്റെ ആസ്ഥാനത്താണ് ആദ്യ ബാച്ച് ബസുകൾ എത്തിയത്. കൂടാതെ അശോക് ലൈലൻഡിന്റെ 20 സെമി സ്ളീപ്പർ, 72 എയർ സസ്പെൻഷൻ നോൺ എ സി ബസുകളും രണ്ട് മാസത്തിനുള്ളിൽ എത്തും. ഭാവിയിൽ 116 ബസുകളും സ്വിഫ്‌റ്റിന്റെ ഭാഗമാകും.
പുതുതായി എത്തിയ ബസുകൾ അലക്ഷ്യമായി ഓടിച്ച് അപകടമുണ്ടാക്കിയാൽ പണിപോകുന്നത് ഡ്രൈവർക്കായിരിക്കും. വാഹനം സർവീസിന് ഇറങ്ങുന്നതിന് മുന്നോടിയായി ജീവനക്കാർക്ക് ഇത് സംബന്ധിച്ച് കർശന നിർദേശമാണ് നൽകിയിരിക്കുന്നത്. കെ എസ് ആർ ടി സി പുറത്തിറക്കിയ 18 സ്കാനിയ ബസുകളിൽ ചിലത് അപകടത്തിൽ പെട്ട് വൻ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ഇത് ആവർത്തിക്കാതിരിക്കാനാണ് കർശന നടപടികൾ കെ എസ് ആർ ടി സ്വീകരിക്കുന്നത്. ഡ്രൈവർ നിയമനത്തിനായുള്ള വ്യവസ്ഥകളിൽ ഇക്കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
കരാർ അടിസ്ഥാനത്തിലായിരിക്കും ഡ്രൈവർമാരുടെ നിയമനം. ഡ്രൈവറായും കണ്ടക്ടറായും ഒരാൾ തന്നെ ജോലിചെയ്യണം. യാത്രക്കാർക്ക് പുതപ്പും വെള്ളവും വിതരണം ചെയ്യണം. പെട്ടിയും ബാഗും മറ്റും എടുത്തുകയറാൻ സഹായിക്കണം. നിയമനത്തിനായി രണ്ട് ദിവസത്തിനുള്ളിൽ ഡ്രൈവർമാരുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് കെ എസ് ആർ ടി സി അറിയിച്ചു.