
മോസ്‌കോ: യുക്രെയിനിൽ റഷ്യ ആക്രമണം തുടരുമ്പോൾ ലോകത്തിന്റെ പല ഭാഗത്ത് നിന്നും യുദ്ധത്തിനെതിരെ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. ഇപ്പോൾ റഷ്യയിലെ തന്നെ ഒരു ടെലിവിഷൻ ചാനലിൽ ലൈവ് ഷോക്കിടയിൽ മുഴുവൻ ജീവനക്കാരും രാജി വച്ച വാർത്തയാണ് പുറത്തു വരുന്നത്.
ടിവി റെയിൻ എന്ന ചാനലിലെ ജീവനക്കാരാണ് യുദ്ധത്തോട് നോ പറഞ്ഞുകൊണ്ട് തങ്ങളുടെ രാജി പ്രഖ്യാപിച്ചത്. യുദ്ധം സംപ്രേഷണം ചെയ്‌തതിന് പിന്നാലെ ചാനലിന്റെ നടത്തിപ്പ് റഷ്യൻ അധികൃതർ സസ്‌പെൻഡ് ചെയ്‌തു. എന്നാൽ, എന്തിനാണ് സസ്‌പെൻഡ് ചെയ്‌തത് എന്ന കാര്യത്തിൽ വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്നാണ് ചാനൽ മേധാവി പറയുന്നത്.
രാജി വച്ചതിന് പിന്നാലെ ചാനലിൽ 'സ്വാൻ ലേക്ക് ബാലെറ്റ് " വീഡിയോ ഗാനം സംപ്രേഷണം ചെയ്‌തു. 1991 ൽ സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ റഷ്യൻ ടിവി ചാനലിൽ ഇതേ ഗാനം പ്രത്യക്ഷപ്പെട്ടിരുന്നു. യുക്രെയിനിൽ റഷ്യ നടത്തുന്ന ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ റഷ്യയിലെ എക്കോ ഒഫ് മോസ്‌കോ എന്ന റേഡിയോ ചാനലും സമ്മർദ്ദത്തിലാണ്.