
ഇടുക്കി: ഗാഡ്ഗിൽ, കസ്‌തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ട് വിഷയങ്ങളിൽ കർഷകർക്കൊപ്പം നിന്ന തീരുമാനം തെറ്റായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. വിഷയങ്ങളിൽ കോൺഗ്രസ് സ്വീകരിച്ച നയം തെറ്റായിരുന്നുവെന്ന് ഇടുക്കിയിൽ സുധാകരൻ പ്രതികരിച്ചു. പി.ടി തോമസ് സ്വീകരിച്ച നയമായിരുന്നു ശരി. എന്ത് വിലകൊടുത്തും കെ റെയിൽ കോൺഗ്രസ് തടയുമെന്നും സുധാകരൻ അറിയിച്ചു.
പിണറായി വിജയൻ മുതലാളിത്തത്തെ താലോലിക്കുകയാണെന്ന് സുധാകരൻ പറഞ്ഞു. പിണറായിയുടെ ഭരണം നാടിനുവേണ്ടിയല്ല കുടുംബത്തിന് വേണ്ടിയാണ്. ഉമ്മൻചാണ്ടിയുടെ കാലത്ത് വിദ്യാഭ്യാസമേഖലയ്‌ക്ക് വേണ്ടി തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പിണറായി തുരങ്കം വയ്‌ക്കുകയാണ്. രമേശ് ചെന്നിത്തല ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഉയർത്തിയ ആരോപണങ്ങൾ ഇന്നും പരിഹരിച്ചിട്ടില്ല. കേന്ദ്ര ഏജൻസികൾ അന്വേഷിച്ച കേസുകൾ എന്തുകൊണ്ട് അന്വേഷിക്കുന്നില്ലെന്ന് ബിജെപിയോടും കെ.സുധാകരൻ ചോദിച്ചു.
ഇടുക്കിയിലെ ധീരജ് വധക്കേസിലെ മുഖ്യപ്രതി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി നിരപരാധിയാണെന്നും ധീരജ് കുത്തിയത് ആരും കണ്ടില്ലെന്നും സുധാകരൻ പറഞ്ഞു. നിരപരാധികളാണ് കേസിൽ ജയിലിൽ കിടക്കുന്നതെന്നും സുധാകരൻ ന്യായീകരിച്ചു.
മാർച്ച് ഏഴിന് കെ റെയിലിനെതിരായ ജനകീയ പ്രക്ഷോഭം കോൺഗ്രസ് സംഘടിപ്പിക്കുന്നുണ്ട്. തിരുവനന്തപുരത്ത് തിങ്കളാഴ്‌ച രാവിലെ 11ന് സെക്രട്ടേറിയറ്റ് നടയിലും മറ്റ് ജില്ലകളിൽ കളക്‌ടറേറ്റിലുമാണ് പ്രക്ഷോഭം നടക്കുക. തലസ്ഥാനത്ത് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യും. കൊല്ലത്ത് പ്രതിപക്ഷനേതാവ് വി.ഡി സതീശനും കണ്ണൂരിൽ ഉമ്മൻചാണ്ടിയും കോഴിക്കോട് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും.