p-jayarajan

കണ്ണൂർ: സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിന് പിന്നാലെ പി ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താത്തതിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വൻതോതിൽ പ്രതിഷേധം. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകൻ ജെയ്ൻ രാജ് സോഷ്യൽമീഡിയിൽ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമായി. ആരൊക്കെ തള്ളിപറഞ്ഞാലും എന്നും എപ്പോഴും ഇടനെഞ്ചിൽ തന്നെ എന്നാണ് വീഡിയോ സഹിതം പങ്കുവച്ച് ജെയ്ൻ കുറിച്ചത്.

നിരവധി പേരാണ് പോസ്റ്റിന് താഴെ പിന്തുണ അറിയിച്ചിരിക്കുന്നത്. സമ്മേളനത്തിന് പിന്നാലെ വ്യക്തികളെ പ്രകീർത്തിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇടരുതെന്ന പാർട്ടിയുടെ നിർദേശം വകവയ്‌ക്കാതെയാണ് പ്രവർത്തകർ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

അതേസമയം, പദവിയല്ല നിലപാടാണ് പ്രധാനമെന്ന് വിവാദങ്ങൾക്ക് മറുപടിയുമായി മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ പ്രതികരിച്ചു. ഉൾപ്പാർട്ടി ജനാധിപത്യമുള്ള പാർട്ടിയാണ് സിപിഎം. ഓരോ പ്രവർത്തകനും സിപിഎം പാർട്ടി സമ്മേളനങ്ങളിൽ വിമർശനങ്ങൾ ഉന്നയിക്കുകയും സ്വയം വിമർശനം നടത്തുകയും ചെയ്യുന്നു.

വിമർശനവും സ്വയം വിമർശനവുമുള്ള ഏകപാർട്ടിയാണ് സിപിഎം. തീരുമാനങ്ങൾ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാദ്ധ്യമങ്ങളെ ആദ്യമേ അറിയിച്ചിരുന്നു. എന്നാൽ മാദ്ധ്യമങ്ങൾ ഒളിഞ്ഞുനോട്ടം നടത്തുകയാണ് ചെയ്യുന്നത്. തന്നെ തഴഞ്ഞോ എന്നാണ് മാദ്ധ്യമങ്ങൾക്ക് അറിയേണ്ടതെന്നും അദ്ദേഹം വിമർശിച്ചു.