ganesh

കൊല്ലം: തലവൂരിൽ സർക്കാർ ആയുർവേദ ആശുപത്രിയിൽ സന്ദർശനം നടത്തി വിമർശനം ഉന്നയിച്ച വിഷയത്തിൽ ഡോക്‌ടർമാരുടെ ആക്ഷേപങ്ങൾക്ക് മറുപടിയുമായി കെ.ബി ഗണേഷ് കുമാർ എംഎൽഎ. തെറ്റായതൊന്നും താൻ പറഞ്ഞിട്ടില്ല. ഡോക്‌ടർമാരെ അപമാനിച്ചിട്ടില്ല, അവരെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. മൂന്ന് കോടി രൂപ മുതൽമുടക്കി നിർമ്മിച്ച ആശുപത്രിയിലെ പൊതുമുതൽ നശിപ്പിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടിയതാണ്. ഗണേഷ് പ്രതികരിച്ചു.

'പരാതി നൽകിയാലും കേസ് കൊടുത്താലുമൊന്നും പ്രശ്‌നമല്ല. അതെല്ലാം അവരുടെ അവകാശമാണ്.' ഗണേഷ് കുമാർ പറഞ്ഞു. ഉദ്ഘാടനത്തിനൊരുങ്ങുന്ന തലവൂരെ ആശുപത്രി കെട്ടിടം സന്ദർശിച്ച എംഎൽഎകെട്ടിടത്തിൽ പൊടികളയാൻ ചൂലെടുത്ത് തൂക്കുകയും ഫിസിയോ തെറാപ്പി മെഷീൻ പൊടിപിടിച്ചതിൽ വിമർശിക്കുകയും ചെയ്‌തിരുന്നു.

എന്നാൽ കെട്ടിടം നിർമ്മിച്ച് ഉപകരണങ്ങൾ വാങ്ങിയിട്ടാൽ പോര അത് പരിപാലിക്കാൻ മതിയായ ജീവനക്കാരില്ല. അത് എംഎൽഎ മനസിലാക്കണമെന്ന് ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷനും, കേരള ഗവൺമെന്റ് ആയുർവേദ ഓഫീസേഴ്‌സ് ഫെഡറേഷനും പ്രതികരിച്ചിരുന്നു. 1960ൽ വകുപ്പ് സ്ഥാപിച്ചപ്പോഴത്തെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും പിന്തുടരുന്നത്. 40 കിടക്കകളുളള ആശുപത്രിയിൽ ഒരേയൊരു സ്വീപ്പർ തസ്തികയാണ് ഉളളത്. എഴുപത് വയസുളള ഇയാൾ വിരമിച്ചതോടെ ഈ ഒഴിവ് നികത്തിയിട്ടില്ല. ഡോക്‌ടർമാർ പറഞ്ഞു.

പുതിയ ഫിസിയോതെറാപ്പി മെഷീൻ ജീവനക്കാരില്ലാതെ എങ്ങനെ പ്രവർത്തിപ്പിക്കുമെന്ന് ഡോക്ടർമാർ ചോദിച്ചു. എന്നിട്ടും അത്യാവശ്യം ഡോക്ടർമാർ അത് ഉപയോഗിക്കുന്നതായും അവർ അറിയിച്ചു. ഗുണനിലവാരമില്ലാത്ത ടൈൽസ് ശുചിമുറിയിലിട്ട് അതിളകിയാൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അമ്പിളികുമാരിയാണോ കുറ്റക്കാരിയെന്നും സംഘടനകൾ ചോദിച്ചു. അലോപ്പതി ചികിത്സാ രംഗത്ത് ആവശ്യമായ സഹായങ്ങൾ സർക്കാർ ചെയ്യുമ്പോൾ ആയുർവേദത്തിന് അത് ചെയ്യുന്നില്ല. മതിയായ സൗകര്യങ്ങൾ നൽകാനും ജീവനക്കാരുടെ ഒഴിവ് നികത്താനും ഉന്നതാധികാരികളെ സമീപിച്ചിട്ടും ഫലമൊന്നുമുണ്ടായില്ലെന്നും ഡോക്ടർമാർ പ്രതിഷേധിച്ചിരുന്നു. മൂന്നരക്കോടി രൂപ ചിലവിലാണ് പുതിയ ആശുപത്രി കെട്ടിടം പണികഴിപ്പിച്ചത്.