
ഏഴുവർഷത്തോളമായി ബഹിരാകാശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ട മൂന്ന് ടൺ ഭാരം വരുന്ന റോക്കറ്റിന്റെ ഭാഗം ചന്ദ്രനെ ഇടിച്ചതായി ശാസ്ത്രജ്ഞർ. മണിക്കൂറിൽ 9288 കിലോമീറ്റർ വേഗതയിലാണ് ഇത് ഇടിച്ചിറങ്ങിയത്. എലോൺ മസ്കിന്റെ സ്പെയിസ് എക്സ് കമ്പനിയുമായി ബന്ധമുള്ള വസ്തുക്കളാകാമെന്നാണ് തുടക്കത്തിൽ കരുതിയതെങ്കിലും ഇത് ചൈനയുടേതാകാമെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞർ ഇപ്പോൾ .
റോക്കറ്റ് ഇടിച്ചതിനെ തുടർന്നുള്ള ആഘാതം മൂലം ചന്ദ്രനിൽ 66 അടിയോളം നീളമുള്ള ഗർത്തം രൂപപ്പെട്ടേക്കാമെന്നും ഇത് നൂറോളം മൈൽ അകലത്തിൽ പൊടിപടലങ്ങൾ സൃഷ്ടിച്ചേക്കാമെന്നും ശാസ്ത്രജ്ഞർ കരുതുന്നു. ബഹിരാകാശ മാലിന്യം ഇതാദ്യമായാണ് ചന്ദ്രനിൽ പ്രഹരമേൽപ്പിക്കുന്നതെന്നും വിദഗ്ദ്ധർ വ്യക്തമാക്കി. പ്രഹരം ചന്ദ്രന്റെ വിദൂരഭാഗത്ത് ഏറ്റതിനാൽ ഗർത്തം കണ്ടെത്തുന്നതിനും ആഘാതം സ്ഥിരീകരിക്കുന്നതിനും മാസങ്ങൾ വേണ്ടിവരും.
2014ൽ ചന്ദ്രനിലേക്കുള്ള ചൈനയുടെ ആദ്യ റോക്കറ്റ് വിക്ഷേപണത്തിന്റെ അവശിഷ്ടമാകാം ഇതെന്നാണ് നിഗമനം. എന്നാൽ തങ്ങളുടെ റോക്കറ്റിന്റെഭാഗം വർഷങ്ങൾക്ക് മുൻപ് തന്നെ ഭൂമിയുടെ അന്തരീക്ഷത്തിൽ കത്തിയമർന്നുവെന്നാണ് ചൈന അവകാശപ്പെടുന്നത്. 2015ൽ നാസയുടെ കീഴിൽ പ്രവർത്തിക്കുന്ന അരിസോണയിലെ സ്പെയിസ് സർവെയായ കാറ്റലിനയാണ് ആദ്യമായി റോക്കറ്റിന്റെ ഭാഗം കണ്ടെത്തുന്നത്. ഭൂമിയിലേക്ക് മടങ്ങാൻ ആവശ്യമായ ഇന്ധനമോ ഊർജമോ ഇല്ലാതെ വരുമ്പോൾ ഉപഗ്രഹങ്ങളിൽ നിന്നും മറ്റും ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കളാണ് സ്പേസ് ജങ്കുകൾ അഥവാ ബഹിരാകാശ മാലിന്യങ്ങൾ. ഇവയിൽ ചിലത് ഭൂമിക്ക് തൊട്ടുമുകളിലായി കാണപ്പെടുകയും മറ്റ് ചിലത് ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്ന് വളരെ അകലെയുള്ള ഉയർന്ന ഭ്രമണപഥത്തിൽ ആയിരക്കണക്കിന് കിലോമീറ്റർ അകലെയുമായാണ് കാണപ്പെടുന്നത്. പത്ത് സെന്റിമീറ്ററിൽ കൂടുതൽ വലിപ്പമമുള്ള 36,500 മാലിന്യങ്ങൾ ബഹിരാകാശത്ത് ഉള്ളതായി യൂറോപ്യൻ ബഹിരാകാശ ഏജൻസി വ്യക്തമാക്കുന്നു.