
മൊഹാലി: രവീന്ദ്ര ജഡേജയുടെ ഹൈ പവർ ബാറ്റിംഗ് പെർഫോമൻസിന്റെ ബലത്തിൽ ഇന്ത്യ നേടിയത് കൂറ്റൻ സ്‌കോർ. മൊഹാലി ടെസ്‌റ്റിന്റെ രണ്ടാംദിനം ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്‌ക്ക് 100 റൺസ് നേടുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്‌ടമായി. നായകൻ കരുണരത്നെ(28), ഓപ്പണർ തിരിമന്നെ(17), എയ്‌ഞ്ജലോ മാത്യൂസ്(22) എന്നിവരാണ് പുറത്തായത്. കരുണരത്നെയെ ജഡേജയും തിരിമന്നെയെ അശ്വിനും പുറത്താക്കിയപ്പോൾ ബുമ്‌റയുടെ പന്തിൽ വിക്കറ്റിന്‌മുന്നിൽ കുടുങ്ങിയാണ് മാത്യൂസ് പുറത്തായത്. പിന്നാലെ പിടിച്ചുനിൽക്കാനാകും മുൻപ് അശ്വിൻ, ധനഞ്ജയ ഡി സിൽവയെയും (1) പുറത്താക്കി. രണ്ടാംദിനം കളി അവസാനിപ്പിക്കുമ്പോൾ ശ്രീലങ്ക 43 ഓവറുകളിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 108 റൺസ് എന്ന നിലയിലാണ്.
മുൻപ് 129 ഓവറുകളിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 574 റൺസ് എന്ന നിലയിൽ ഇന്ത്യ ഡിക്ളയർ ചെയ്‌തിരുന്നു. തന്റെ കരിയറിൽ രണ്ടാം സെഞ്ചുറി നേടി 175 റൺസോടെ രവീന്ദ്ര ജഡേജയാണ് കൂറ്റൻ സ്‌കോറിലേക്ക് ഇന്ത്യയെ നയിച്ചത്. 228 പന്തുകളിൽ നിന്ന് 17 ബൗണ്ടറികളും മൂന്ന് സിക്‌സറുകളുമടങ്ങിയതാണ് ജഡേജയുടെ ഇന്നിംഗ്സ്. ജഡേജയോടൊപ്പം 34 പന്തുകളിൽ 20 റൺസുമായി മുഹമ്മദ് ഷമിയും പുറത്താകാതെ നിന്നു. ഒൻപതാം വിക്കറ്റിൽ ഇരുവരും ചേർന്ന് 103 റൺസ് കൂട്ടുകെട്ടുണ്ടാക്കി.
ആദ്യദിനം ഇന്ത്യൻ ബാറ്റ്‌സ്‌മാൻമാരെല്ലാം മികച്ച രീതിയിൽ കളിച്ചു. അത്യുഗ്രൻ ഷോട്ടുകളുമായി 97 പന്തിൽ 96 റൺസ് നേടി ഋഷഭ് പന്ത്, ഹനുമ വിഹാരി(58) എന്നിവർ അർദ്ധസെഞ്ചുറി നേടി. നൂറാം ടെസ്‌റ്റിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നതിനിടെ മുൻ നായകൻ കൊഹ്‌ലി(45) പുറത്തായി. എന്നാൽ ടെസ്‌റ്റിൽ 8000 റൺസ് പൂർത്തിയാക്കിയാണ് കൊഹ്‌ലി പുറത്തായത്. രണ്ടാംദിനം അശ്വിൻ ജഡേജയ്‌ക്ക് മികച്ച പിന്തുണ നൽകി. 82 പന്തുകളിൽ 61 റൺസാണ് അശ്വിൻ നേടിയത്.