
റാഞ്ചി: ബി.ജെ.പിക്കെതിരെ ദേശീയ തലത്തിൽ പുതിയ മുന്നണി രൂപീകരിക്കാനുള്ള നീക്കം അവസാനഘട്ടത്തിലെന്ന സൂചനയുമായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു.
വൈകാതെ പുതിയ സഖ്യം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗാൽവാനിലെ സൈനിക രക്തസാക്ഷികളുടെ കുടുംബങ്ങൾക്കുള്ള ധനസഹായം കൈമാറിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണി രൂപീകരികരണവുമായി ബന്ധപ്പെട്ട് ഒട്ടുമിക്ക പ്രതിപക്ഷ നേതാക്കളെയും പ്രാദേശിക പാർട്ടി നേതാക്കളേയും കെ.സി.ആർ കണ്ടിരുന്നു. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനുമായി കെ.സി.ആർ ചർച്ച നടത്തി. എല്ലാ പിന്തുണയും സോറൻ വാഗ്ദാനം ചെയ്തു എന്നാണ് സൂചന. അതേസമയം, കോൺഗ്രസ് സഖ്യത്തിൽ ഉണ്ടാകുമോ എന്നതിൽ വ്യക്തതയില്ല. ബി.ജെ.പിക്കെതിരെ ദേശീയ തലത്തിൽ സഖ്യം രൂപീകരിക്കുമ്പോൾ കോൺഗ്രസിനെ മാറ്റി നിറുത്താൻ സധിക്കില്ല എന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഉൾപ്പെടെയുള്ളവരുടെ നിലപാട്. റാവു ബംഗാളിലെത്തി മുഖ്യമന്ത്രി മമത ബാനർജിയെ കാണുമെന്നും റിപ്പോർട്ടുണ്ട്.