
വനിതാ ലോകകപ്പിൽ ഇന്ന് ഇന്ത്യ - പാകിസ്ഥാൻ മത്സരം
മൗണ്ട് മൗൻഗന്യൂയി: വനിതാ ലോകകപ്പിലെ റൗണ്ട് റോബിൻ മത്സരത്തിൽ ഇന്ത്യയും ചിര വൈരികളായ പാകിസ്ഥാനും തമ്മിൽ ഇന്ന് ഏറ്റുമുട്ടും. മൗണ്ട് മൗൻഗന്യൂയിൽ ഇന്ത്യൻ സമയം പുലർച്ചെ 6.30 മുതലാണ് മത്സരം. 2017ൽ കഴിഞ്ഞ ലോകകപ്പിലാണ് അവസാനം ഇരുമടീമും മുഖാമുഖം വന്നത്. കഴിഞ്ഞ തവണ ലോർഡ്സിൽ ഫൈനലിൽ കൈയെത്തും ദൂരെ നഷ്ടമായ ലോകകിരീടം കൈപ്പിടിയിലൊതുക്കാനാണ് മിതാലിയും സംഘും ന്യൂസിലൻഡിൽ എത്തിയിരിക്കുന്നത്. എന്നാൽ സമീപകാലത്ത് ഏകദിനത്തിൽ ഇന്ത്യയ്ക്ക് അത്ര നല്ല സമയമല്ല എന്നത് വെല്ലുവിളിയാണ്. 2021ന് ശേഷം കളിച്ച 16 ഏകദിനങ്ങളിൽ നാലെണ്ണത്തിൽ മാത്രമേ ഇന്ത്യയ്ക്ക് ജയിക്കാനായിട്ടുള്ളൂ. എന്നാൽ മിതാലി രാജും ജുലൻ ഗോസ്വാമിയും സ്മൃതി മന്ദാനയും ഹർമ്മൻ പ്രീത് കൗറും ഷെഫാലിയും പൂനവും ഒക്കെ ഉൾപ്പെട്ട ഇന്ത്യൻ സംഘം ഏത്പ്രതിസന്ധിയും മറിടക്കാൻ കെൽപ്പുള്ളവരാണ്.
കഴിഞ്ഞ രണ്ട് ലോക കപ്പുകളിലും ഒരു ജയം പോലും നേടാനാകാത്തതിന്റെ നാണക്കേട് മറികടക്കാനാണ് ബിസ്മ മഹ്റൂഫിന്റെ നേതൃത്വത്തിൽ പാക് ടീം എത്തിയിരിക്കുന്നത്. അവസാനം കളിച്ച നാല് ഏകദിന പരമ്പരകളിലും പാകിസ്ഥാൻ തോറ്റിരുന്നു. എന്നാൽ ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹത്തിൽ ന്യൂസിലൻഡിനേയും ബംഗ്ലാദേശിനേയും തോൽപ്പിക്കാനായത് അവർക്ക് പ്രതീക്ഷ നൽകുന്നു.
മുഖാമുഖം
10- ഇതുവരെ ഏറ്റുമുട്ടിയ പത്ത് മത്സരങ്ങളിലും ഇന്ത്യയ്ക്കായിരുന്നു ജയം.
ലൈവ്: രാവിലെ 6.30 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട്‌സ്റ്റാറിലും