kerala-ranji

രാജ്കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ഒന്നാം ഇന്നിംഗ്സ് ലീഡിനായി പൊരുതുന്നു. ഇന്നലെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 474 റൺസെടുത്ത മദ്ധ്യപ്രദേശ് ഇന്ന് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 585 റൺസെടുത്ത് ഡിക്ളയർ ചെയ്തു. മത്സരത്തിന്റെ മൂന്നാം ദിവസമായ ഇന്ന് മത്സരം അവസാനിപ്പിക്കുമ്പോൾ കേരളം രണ്ട് വിക്കറ്റ് നഷടത്തിൽ 198 റൺസെടുത്തിട്ടുണ്ട്. 82 റൺസെടുത്ത രാഹുലും ഏഴ് റൺസെടുത്ത ക്യാപ്ടൻ സച്ചിൻ ബേബിയുമാണ് ക്രീസിൽ.

ഒന്നാം ഇന്നിംഗ്സിൽ വൻ സ്കോർ പിന്തുടർന്ന് ഇറങ്ങിയ കേരളത്തിന് ഓപ്പണർ‌മാരായ രാഹുലും രോഹൻ എസ് കുന്നുമലും മികച്ച തുടക്കമാണ് നൽകിയത്. 75 റൺസെടുത്ത രോഹനെ മിഹി‌ർ ഹിർവാനി വിക്കറ്റിന് മുന്നിൽ കുടുക്കുമ്പോൾ കേരളം 129 റൺസെടുത്തിട്ടുണ്ടായിരുന്നു. തൊട്ടുപിന്നാലെ 15 റൺസെടുത്ത വത്സലും പുറത്തായതോടെ കേരളം രണ്ട് വിക്കറ്ര് നഷ്ടത്തിൽ 182 റൺസ് എന്ന നിലയിലായി.

മത്സരത്തിന്റെ നാലാമത്തേതും അവസാനത്തെ ദിവസവുമായ നാളത്തെ കളി ഇതോടെ ഇരു ടീമുകൾക്കും നിർണായകമായി. കേരളത്തിന്റെ ഗ്രൂപ്പിൽ നിന്ന് ഒരു ടീമിന് മാത്രമേ അടുത്ത റൗണ്ടിലേക്ക് പ്രവേശനമുള്ളൂ. ഇരു ടീമുകൾക്കും നിലവിൽ 13 പൊയിന്റുകൾ വീതം ഉണ്ട്. നാളെ മത്സരം അവസാനിക്കുന്നതിന് മുമ്പായി കേരളത്തെ ഓൾ ഔട്ടാക്കി ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാൻ മദ്ധ്യപ്രദേശിന് സാധിച്ചാൽ കേരളം രഞ്ജി ട്രോഫിയിൽ നിന്ന് പുറത്താകും. മദ്ധ്യപ്രദേശിനെതിരെ ഒന്നാം ഇന്നിംഗ്സ് നേടാൻ കേരളത്തിന് എട്ട് വിക്കറ്റും ഒരു ദിവസവും ശേഷിക്കെ ഇനിയും 387 റൺസ് വേണം. ഏറെകുറെ അസാദ്ധ്യമായ ലക്ഷ്യം ആണത്.

ഇരു ടീമുകളുടെയും പൊയിന്രുകൾ തുല്ല്യമായാൽ നെറ്റ് റൺ റേറ്റ് വച്ചായിരിക്കും അടുത്ത റൗണ്ടിലേക്കുള്ള ടീമുകളെ തിരഞ്ഞെടുക്കുക. എന്നാൽ നിലവിലെ അവസ്ഥയിൽ കേരളത്തിന്റെ റൺറേറ്റ് മദ്ധ്യപ്രദേശിനെക്കാൾ വളരെ പിന്നിലാണ്. നാളെ ഒരു ദിവസം കൊണ്ട് തങ്ങളുടെ നെറ്റ് റൺറേറ്റ് മെച്ചപ്പെടുത്താൻ കേരളത്തിന് സാധിച്ചാൽ മദ്ധ്യപ്രദേശിനെ പിന്തള്ളി കേരളത്തിന് അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ സാധിക്കും. അതിനായിരിക്കും നാളെ കേരളത്തിന്റെ ശ്രമം.

ഇപ്പോൾ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായ കേരളം മൂന്നാമത്തെ വിക്കറ്റ് നഷ്ടമാകുന്നതിന് മുമ്പ് ചുരുങ്ങിയത് 338 റൺസ് എടുക്കുകയാണ് റൺറേറ്റ് മേച്ചപ്പെടുത്താനുള്ള വഴി. നാല് വിക്കറ്റ് നഷ്ടമായാൽ 417 റൺസ്, 5 വിക്കറ്റ് നഷ്ടമായാൽ 456 റൺസ്, 6 വിക്കറ്റ് നഷ്ടമായാൽ 495 റൺസ്, 7 വിക്കറ്റ് നഷ്ടമായാൽ 534 റൺസ്, 8 വിക്കറ്റ് നഷ്ടമായാൽ 573 എന്നീ നിലയിൽ കേരളത്തിന്റെ ബാറ്റിംഗ് പുരോഗമിച്ചാൽ റൺറേറ്റ് കുറയാതെ പിടിച്ചു നിർത്താൽ സാധിക്കുമെന്നാണ് വിദഗ്‌ദ്ധരുടെ കണക്കുകൂട്ടൽ.