k

കോഴിക്കോട്: സിൽവർലൈൻ പദ്ധതി പരിസ്ഥിതിക്ക് കോട്ടം വരുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിൽവർലൈൻ പദ്ധതിയുടെ വിശദീകരണ യോഗം കോഴിക്കോട് സമുദ്ര ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂ‌ർണമായും ഹരിത പദ്ധതിയായാണ് നടപ്പാക്കുന്നത്. സംസ്ഥാനത്തെ ഒരു പരിസ്ഥിതി ലോല പ്രദേശത്ത് കൂടിയും വന്യജീവി മേഖലയിലൂടെയും സിൽവർലൈൻ കടന്ന് പോകുന്നില്ല.

പുഴകളുടെയും അരുവികളുടെയും ഒഴുക്ക് തടസപ്പെടാതെയാണ് പദ്ധതി നടപ്പാക്കുക. പ്രകൃതി വിഭവങ്ങൾക്ക് ദോഷം വരുത്താതെ, വെള്ളപ്പൊക്ക സാദ്ധ്യതയില്ലാതെ ഓരോ പ്രദേശത്തിന്റെയും സാഹചര്യം പരിഗണിച്ചായിരിക്കും നിർമ്മാണം. വൻ പദ്ധതി നടപ്പാക്കുമ്പോൾ ചിലർക്ക് സ്വാഭാവികമായും സംശയങ്ങളുണ്ടാകാറുണ്ട്. അവർക്ക് വിശദീകരണം നൽകുകയാണ് ഇത്തരം യോഗങ്ങളുടെ ഉദ്ദേശ്യം.

പ്രതിപക്ഷം ഭരിക്കുമ്പോൾ നടപ്പാക്കാൻ കഴിയാത്ത പദ്ധതി ഇപ്പോൾ പാടില്ലെന്ന് പറയുന്നത് ഭാവി തലമുറയോട് ചെയ്യുന്ന അനീതിയാണ്. നമ്മുടെ നാടിന് ഒഴിച്ചുകൂടാൻ പറ്റാത്ത പദ്ധതിയാണിത്. വലിയ തോതിൽ കടമെടുക്കേണ്ടിവരുമെങ്കിലും സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിൽ പുരോഗതിയുണ്ടാക്കും.

ലോകത്തെ അതിവേഗ പാതകളെല്ലാം സ്റ്റാൻഡേർഡ് ഗേജിലാണ് നിർമ്മിച്ചിരിക്കുന്നത്. സിൽവർലൈനും സ്റ്റാൻഡേർഡ് ഗേജിലാണ്.

പിൽക്കാലത്ത് മറ്റ് സംസ്ഥാനങ്ങളിൽ അതിവേഗ പാതകൾ വരുമ്പോൾ സിൽവർലൈനുമായി ബന്ധിപ്പിക്കാൻ കഴിയും. എതിർപ്പിന്റെ പേരിൽ പദ്ധതി ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു.