
മൊഹാലി: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ മികച്ച ഫോമിൽ കളിക്കുകയായിരുന്ന രവീന്ദ്ര ജഡേജ ഡബിൾ സെഞ്ചുറി അടിക്കുന്നതിന് മുമ്പായി ഇന്ത്യ ഇന്നിംഗ്സ് ഡിക്ളയർ ചെയ്തിരുന്നു. ഇത് വിവിധ രീതിയിലുള്ള പ്രതികരണങ്ങൾക്കാണ് വഴിവച്ചത്. ജഡേജ 175 റൺസ് എടുത്ത് നിൽക്കുന്നതിനിടെയാണ് ക്യാപ്ടൻ രോഹിത് ശർമ്മ ഇന്ത്യയുടെ ഇന്നിംഗ്സ് ഡിക്ളയർ ചെയ്യുന്നത്. ഇതിനെ തുടർന്ന് ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങളിൽ രോഹിതിനെതിരെയും പരിശീലകൻ രാഹുൽ ദ്രാവിഡിനെതിരെയും രോഷം തിളച്ചു മറിയുകയായിരുന്നു.
'Rockstar' @imjadeja 👏👏@Paytm #INDvSL pic.twitter.com/JG25othE56
— BCCI (@BCCI) March 5, 2022
രവീന്ദ്ര ജഡേജ ഡബിൾ സെഞ്ചുറി നേടുന്നതിൽ രോഹിതിനുള്ള അസൂയ കാരണമാണ് ഇന്നിംഗ്സ് ഡിക്ളയർ ചെയ്തതെന്നും ജഡേജ തനിക്ക് ഭീഷണിയായി തുടങ്ങിയെന്ന് രോഹിത് മനസിലാക്കിയതിന്റെ സൂചനയാണിതെന്നുമുള്ള രീതികളിലാണ് ക്യാപ്ടനെതിരെയുള്ള ആക്ഷേപങ്ങൾ. മുമ്പ് ഒരിക്കൽ സച്ചിൻ ടെൻഡുൽക്കർ 194 റൺസ് എടുത്ത് നിൽക്കുന്നതിനിടെ രാഹുൽ ദ്രാവിഡ് ഇന്നിംഗ്സ് ഡിക്ളയർ ചെയ്തിരുന്നു. ഈ സംഭവം സൂചിപ്പിച്ച് നിലവിലെ ടീം പരിശീലകനായ ദ്രാവിഡിനെതിരെയും ചിലർ തിരിഞ്ഞിട്ടുണ്ട്. ടീമിനുള്ളിൽ ഭിന്നിപ്പ് ഉണ്ടാക്കാനാണ് പരിശീലകന്റെ ശ്രമങ്ങളെന്നാണ് ചില ആരോപണങ്ങൾ.
എന്നാൽ ഇവരുടെയെല്ലാം വായ അടപ്പിച്ച് കൊണ്ട് രവീന്ദ്ര ജഡേജ തന്നെ രംഗത്തെത്തി. താൻ ആവശ്യപ്പെട്ടതനുസരിച്ചാണ് രോഹിത് ഇന്നിംഗ്സ് ഡിക്ളയർ ചെയ്തതെന്ന് ഇന്നത്തെ മത്സരത്തിന് ശേഷം നൽകിയ അഭിമുഖത്തിൽ ജഡേജ വ്യക്തമാക്കി. ബാറ്റ് ചെയ്തുകൊണ്ടിരുന്നപ്പോൾ പന്ത് ടേൺ ചെയ്തു തുടങ്ങിയെന്ന് മനസിലായെന്നും ശ്രീലങ്കൻ താരങ്ങളെല്ലാം തളർന്നിരിക്കുന്നത് കൊണ്ട് മികച്ച ടേൺ കൂടി കണ്ടെത്താൻ സാധിച്ചാൽ അവരെ പെട്ടെന്ന് പുറത്താക്കാൻ സാധിക്കുമെന്ന് മനസിലാക്കിയ താൻ ഡ്രെസിംഗ് റൂമിലേക്ക് നൽകിയ സന്ദേശത്തെ തുടർന്നാണ് രോഹിത് ഇന്നിംഗ്സ് ഡിക്ളയർ ചെയ്തത് എന്നുമായിരുന്നു ജഡേജയുടെ വിശദീകരണം.