
ചെന്നൈ: ഒരു ലക്ഷം കാറുകൾ ഇന്ത്യയിൽ പ്രാദേശികമായി നിർമിച്ച് വിദേശ വാഹന നിർമാതാക്കളായ ബി എം ഡബ്ളിയു. കഴിഞ്ഞ ദിവസമാണ് ഒരു ലക്ഷം വാഹനങ്ങളെന്ന കടമ്പ ബി എം ഡബ്ളിയു കടന്നത്. 740 എൽ ഐ സ്പോർട്ട് എഡിഷൻ മോഡലിലൂടെയാണ് ബി എം ഡബ്ളിയു ഈ നേട്ടം കൈവരിച്ചത്. 740 എൽ ഐ സ്പോർട്ട് ഉൾപ്പെടെ 13 മോഡലുകളാണ് ബി എം ഡബ്ളിയു ഇന്ത്യയിൽ നിർമിക്കുന്നത്.
7 സീരീസ്, 2 സീരീസ് ഗ്രാൻ കൂപ്പ്, 3 സീരീസ്, 3 സീരീസ് ഗ്രാൻ ലിമൂസിൻ, എം 340 ഐ, 5 സീരീസ്, 6 സീരീസ് ഗ്രാൻ ടുറിസ്മോ എന്നിവയാണ് ബി എം ഡബ്ളിയുവിന്റെ ഇന്ത്യൻ പതിപ്പുകൾ. ഇവയ്ക്ക് പുറമേ, ബി എം ഡബ്ളിയു എക്സ് 1, എക്സ് 3, എക്സ് 4, എക്സ് 5, എക്സ് 7 മിനി കണ്ട്രിമാൻ എന്നീ എസ് യു വി മോഡലുകളും ബി എം ഡബ്ളിയുവിന്റേതായി ഇന്ത്യയിൽ ഇറങ്ങുന്നുണ്ട്. ചെന്നൈയിലെ വാഹന നിർമാണ പ്ളാന്റിൽ നിന്നുമാണ് ബി എം ഡബ്ളിയു ഇന്ത്യയിലേക്കുള്ള തങ്ങളുടെ എല്ലാ വാഹനങ്ങളും നിർമിച്ചത്.
ബി എം ഡബ്ളിയുവിന്റെ ഈ നേട്ടം ഇന്ത്യൻ വാഹനവിപണിയിൽ നഷ്ടം നേരിടുന്നെന്ന് ആരോപിച്ച് രാജ്യം വിട്ട ഫോർഡിനും ഇന്ത്യയിൽ വാഹനം നിർമിക്കാതെ ചൈനയിൽ നിന്ന് ഇറക്കുമതി നടത്താൻ പദ്ധതിയിടുന്ന ടെസ്ലയ്ക്കും ഒരു പാഠമാണ്. ഇന്ത്യയിൽ ആഡംബര കാറുകൾക്ക് മാർക്കറ്റ് കുറവായതിനാൽ രാജ്യത്ത് ഉടനടി വാഹനനിർമാണം തുടങ്ങാൻ സാധിക്കില്ലെന്ന നിലപാടിലാണ് ടെസ്‌ല.
ഇന്ത്യയിൽ നിർമിച്ചാലും അന്താരാഷ്ട്ര ക്വാളിറ്റിയിലും മികവിലും വിട്ടുവീഴ്ച ചെയ്യാതിരുന്നാൽ ഇന്ത്യൻ വിപണി കൈവിടില്ലെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ബി എം ഡബ്ളിയു ഇപ്പോൾ കൈവരിച്ച നേട്ടമെന്ന് ബി എം ഡബ്ളിയു ഗ്രൂപ്പ് ചെന്നൈ പ്ളാന്രിന്റെ മാനേജിംഗ് ഡയറക്ടർ തോമസ് ഡോസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.