
മോസ്കോ: യുക്രെയിനിന് മുകളിൽ നാറ്റോയോ അംഗരാജ്യങ്ങളോ വിമാന പറക്കലിന് വിലക്ക് ഏർപ്പെടുത്തിയാൽ അത് യുദ്ധ സന്നാഹത്തിനുള്ള ഒരുക്കമായി റഷ്യ കണക്കാക്കുമെന്നും പിന്നെ നേർക്കു നേർ യുദ്ധം നടക്കുമെന്നും വ്‌ളാദിമിർ പുടിൻ. സെലെൻസ്കി ശ്രമിക്കുന്നത് നാറ്റോ - റഷ്യ യുദ്ധം ആണെന്നും അതിനു വേണ്ടിയാണ് ഇത്തരം ആവശ്യങ്ങളുമായി തുടർച്ചയായി വരുന്നതെന്നും പുടിൻ ആരോപിച്ചു.
യുക്രെയിൻ വിമാന നിരോധിത മേഖലയായി പ്രഖ്യാപിക്കണമെന്ന് കഴിഞ്ഞ ദിവസം യുക്രെയിൻ പ്രസിഡന്റ് സെലെൻസ്കി നാറ്റോയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ അമേരിക്കയടക്കമുള്ള രാജ്യങ്ങൾ ഈ നിർദ്ദേശം തള്ളിക്കളഞ്ഞിരുന്നു. ഇതിനു ശേഷം യുക്രെയിനിൽ ഇനി വീഴുന്ന ഓരോ ബോംബിനും ഉത്തരവാദി നാറ്റോ കൂടി ആയിരിക്കുമെന്ന് സെലെൻസ്കി വ്യക്തമാക്കിയിരുന്നു.
യുക്രെയിനിന് മുകളിൽ നോ ഫ്ലൈറ്റ സോൺ ആയി പ്രഖ്യാപിച്ചാൽ അത് വലിയൊരു യുദ്ധത്തിന് കാരണമായേക്കുമെന്നാണ് അമേരിക്കയുടെ നിലപാട്. അമേരിക്കയുടെ ഈ നിലപാട് ശരിവയ്ക്കുന്ന പ്രതികരണമാണ് റഷ്യൻ പ്രസിഡന്റിന്റെ ഭാഗത്ത് നിന്ന് ഇന്നുണ്ടായിരിക്കുന്നത്.
അതേസമയം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച യുക്രെയിൻ നഗരമായ മരിയോപോളിൽ റഷ്യ ഷെല്ലാക്രമണം തുടരുകയാണ്. ഇതിനെതുടർന്ന് ജനങ്ങളെ ഇവിടെ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഒഴിപ്പിക്കുന്നത് നിറുത്തി വച്ചതായി യുക്രെയിൻ അധികൃതർ അറിയിച്ചു. ആളുകളെ ഒഴിപ്പിക്കുന്നതിനായി ഒരു ഇടനാഴി നിലവില്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബെലാറൂസില്‍ മാര്‍ച്ച് മൂന്നിന് നടന്ന റഷ്യ- യുക്രെയിന്‍ ചര്‍ച്ചയുടെ ഭാഗമായിട്ടാണ് ഇന്ന് ഉച്ചയ്ക്ക് 12.30 മുതല്‍ റഷ്യ മരിയോപോള്‍, വോള്‍നോവാക്ക എന്നിവുടങ്ങളില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. . പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിക്കാന്‍ വേണ്ടിയായിരുന്നു വെടിനിര്‍ത്തല്‍. ലോകരാജ്യങ്ങളുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥന കണക്കിലെടുത്താണ് തീരുമാനം. മരിയൂപോളില്‍ നിന്ന് രണ്ട് ലക്ഷത്തോളം പേരെ മാറ്റേണ്ടതുണ്ട് എന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.