
മോസ്കോ:റഷ്യ യുക്രെയിനിനെ ആക്രമിച്ചതിന് കാരണമായി പല ഉത്തരങ്ങളാണ് ഓരോരുത്തരും പറയുന്നത്. ഇത് സംബന്ധിച്ച് ഓരോ രാജ്യത്തും പ്രചരിക്കുന്നതും പല കഥകളാണ്. എന്നാൽ എല്ലായിടത്ത് നിന്നും എതിർപ്പ് നേരിടേണ്ടി വന്നിട്ടും യുക്രെയിനിൽ യുദ്ധത്തിന് വേണ്ടി റഷ്യ ഇറങ്ങിതിരിച്ചതിന്റെ പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് പുടിൻ. ഒരു ആണവായുധ ശക്തിയാകാനുള്ള യുക്രെയിനിന്റെ ആഗ്രഹമാണ് റഷ്യയെ പ്രകോപിപ്പിച്ചതിനുള്ള മുഖ്യ കാരണമായി പുടിൻ പറയുന്നത്. യുക്രെയിനിലെ സാപോറിഷിയ ആണവനിലയം പിടിച്ചെടുത്തതിന് ശേഷം മാത്രമാണ് റഷ്യ ചർച്ചക്ക് പോലും തയ്യാറായതെന്നത് ഇതിന് ഒരു തെളിവാണ്.
യുക്രെയിൻ ആണവായുധ ശക്തിയാകുന്നത് റഷ്യയുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്നും യുക്രെയിൻ നേരിട്ട് പ്രയോഗിച്ചില്ലെങ്കിൽ കൂടെ റഷ്യയ്ക്കെതിരെ ആണവായുധം ഉപയോഗിച്ച് എങ്ങനെ പ്രവർത്തിക്കണമെന്ന് യുക്രയിനിനെ ഉപദേശിക്കാൻ അമേരിക്കയും നാറ്റോയും അടക്കമുള്ള ശത്രുക്കൾ ഉള്ലപ്പോൾ റഷ്യ സുരക്ഷിതമാണെന്ന് കരുതാനാകില്ലെന്നാണ് പുടിന്റെ നിലപാട്. റഷ്യയിലെ ഒരു ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് പുടിൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
യുക്രെയിനിലെ യഷ്മാഷ് എന്ന സർക്കാർ നിയന്ത്രിത വിമാനനിർമാണ കമ്പനി മുമ്പ് സോവിയറ്റ് യൂണിയന് വേണ്ടി ആണവായുധങ്ങൾ നിർമിക്കുന്നതിൽ പങ്കെടുത്തിരുന്നെന്നും യുക്രെയിൻ ഇപ്പോഴും മറ്റ് പല ആവശ്യങ്ങൾക്കും വേണ്ടി റേഡിയോ ആക്‌ടീവ് മൂലകങ്ങൾ ശേഖരിക്കുന്നുണ്ടെന്നും ഇത് ആണവായുധങ്ങൾ ആയി മാറാൻ അധികം സമയം വേണ്ടിവരില്ലെന്നും റഷ്യ ഭയപ്പെടുന്നതായി പുടിൻ വ്യക്തമാക്കി.