
കീവ്: തുടർച്ചയായ പതിനൊന്നാം ദിവസവും യുക്രെയിനിൽ വ്യാപക ആക്രമണം. കീവിന്റെ വടക്ക് പടിഞ്ഞാറൻ നഗരം പൂർണമായും തകർന്നെന്ന് യുക്രെയിൻ വ്യക്തമാക്കി.അതേസമയം യുക്രെയിനിലെ രണ്ട് നഗരങ്ങളിൽ പ്രഖ്യാപിച്ച വെടിനിറുത്തൽ അവസാനിച്ചെന്ന് റഷ്യ അറിയിച്ചു.
വെടിനിറുത്തൽ തുടരാൻ യുക്രെയിൻ സന്നദ്ധത കാണിച്ചില്ലെന്നും റഷ്യ കുറ്റപ്പെടുത്തി. വെടിനിറുത്തൽ ഗുണം ചെയ്തില്ലെന്ന് മരിയുപോൾ മേയർ പറഞ്ഞു. നഗരത്തിലെ ജലവിതരണവും വൈദ്യുതിയും തടസപ്പെട്ടു. നാല് ലക്ഷം ജനങ്ങളെ റഷ്യ ബന്ധിയാക്കിയെന്നും മേയർ കൂട്ടിച്ചേർത്തു.
യുക്രെയിനിലെ രണ്ടു നഗരങ്ങളിൽ റഷ്യൻ സേന ആറു മണിക്കൂർ വെടിനിറുത്തൽ പ്രഖ്യാപിച്ചെങ്കിലും പലയിടത്തും ആക്രമണം ഉണ്ടായി. റഷ്യ വെടിനിറുത്തൽ ലംഘിച്ചെന്ന് യുക്രെയിനും, രക്ഷാദൗത്യം യുക്രെയിൻ അനുവദിച്ചില്ലെന്ന് റഷ്യയും കുറ്റപ്പെടുത്തി. അതേസമയം റഷ്യ-യുക്രെയിൻ സമാധാന ചർച്ച നാളെ നടക്കും. യുക്രെയിൻ പ്രതിനിധി സംഘാംഗം ഡേവിഡ് അറഖാമിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇസ്രയേൽ പ്രധാനമന്ത്രി മോസ്കോയിൽ
സമാധാന ചർച്ചകൾക്കായി ഇസ്രയേൽ പ്രധാനമന്ത്രി നഫാതാലി ബെന്നറ്റ് മോസ്കോയിൽ എത്തി. റഷ്യ-യുക്രെയിൻ പ്രസിഡന്റുമാരുമായി ചർച്ച നടത്തി. റഷ്യയും ഇസ്രയേലുമായുള്ള നല്ല ബന്ധം ഗുണം ചെയ്യുമെന്നും, യുദ്ധം അവസാനിപ്പിക്കാൻ ഇടപെടണമെന്നും യുക്രെയിൻ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് പ്രധാനമന്ത്രി എത്തിയത്.