
കീവ്: കുറച്ച് മണിക്കൂറുകൾ കൂടി ക്ഷമിക്കാൻ യുക്രെയിനിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് എംബസിയുടെ സന്ദേശം. എല്ലാവരെയും സുരക്ഷിതമായി നാട്ടിലെത്തിക്കും. യുക്രെയിൻ ജനതയെ പരിഗണിക്കണമെന്നും അവരോട് സഹകരിക്കണമെന്നുമാണ് സന്ദേശത്തിൽ പറയുന്നത്.
പെസോച്ചിനിൽ നിന്ന് എല്ലാ ഇന്ത്യക്കാരെയും രക്ഷിച്ചുവെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. യുക്രെയിനിൽ നിന്ന് രണ്ട് വിമാനങ്ങളാണ് ഇന്ന് പുലർച്ചെ ഡൽഹിയിലെത്തിയത്. സ്ലോവാക്യയിൽ നിന്നെത്തിയ വിമാനത്തിൽ 154 പേരും, ബൂഡാപെസ്റ്റിൽ നിന്നെത്തിയ വിമാനത്തിൽ 183 പേരുമാണ് ഉള്ളത്.
രക്ഷാപ്രവർത്തനം വൈകാതെ പൂർത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി വി കെ സിംഗ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ഓരോ രക്ഷാദൗത്യവും വ്യത്യസ്തമാണെന്നും, എല്ലാവരെയും സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സുമിയിൽ നിന്ന് ഇന്ത്യക്കാരെ റഷ്യയിലേക്ക് കൊണ്ടുപോകാൻ പ്രത്യേക സംഘം സജ്ജമാണെന്ന് റഷ്യൻ അംബാസിഡർ ഡെനീസ് ആലിപോവ് അറിയിച്ചു. യുദ്ധം തുടരുന്നതിനാൽ വിദ്യാർത്ഥികളുടെ അടുത്തെത്താൻ കഴിയുന്നില്ല. ആക്രമണം ഇല്ലാത്ത മേഖലകളിൽ അവരെ എത്തിക്കാനാണ് ശ്രമമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.