biden

കാബൂൾ : അമേരിക്ക തേടുന്ന കൊടുംഭീകരൻ പരസ്യമായി പൊതുചടങ്ങിൽ പങ്കെടുത്തു. താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിൽ നിന്നുമാണ് അമേരിക്കയുടെ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിലുള്ള ഹഖാനി നെറ്റ്‌വർക്കിന്റെ തലവനായ സിറാജുദ്ദീൻ ഹഖാനിയുടെ ചിത്രം മാദ്ധ്യമങ്ങൾ പുറത്ത് വിട്ടത്. ഇയാളുടെ തലയ്ക്ക് ഒരു കോടി ഡോളറാണ് അമേരിക്ക വിലയിട്ടിരിക്കുന്നത്. താലിബാന്റെ ഏറ്റവും രഹസ്യസ്വഭാവമുള്ള നേതാക്കളിൽ ഒരാളായ സിറാജുദ്ദീൻ താലിബാൻ സർക്കാരിലെ ആഭ്യന്തര മന്ത്രി കൂടിയാണ്. അഫ്ഗാൻ പൊലീസ് റിക്രൂട്ട്‌മെന്റുകൾക്കായുള്ള പാസിംഗ്ഔട്ട് പരേഡിലാണ് ഭീകരൻ പങ്കെടുത്തത്. ശനിയാഴ്ച നടന്ന പൊലീസ് പരേഡിൽ, ഹഖാനി മറ്റ് മുതിർന്ന താലിബാൻ ഉദ്യോഗസ്ഥരെയും പോലെയുള്ള വസ്ത്രം ധരിച്ചിരുന്നു, കറുത്ത തലപ്പാവും വെള്ള ഷാളും ധരിച്ചിരുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തത്. അമേരിക്കൻ സൈന്യം അഫ്ഗാൻ വിട്ടതിന് പിന്നാലെയാണ് താലിബാൻ സർക്കാർ രൂപീകരിച്ചത്. താലിബാൻ ഭരണത്തിലെത്തിയിട്ടും കൊടുംഭീകരനായ സിറാജുദ്ദീൻ പരസ്യമായി പരിപാടികളിൽ പങ്കെടുത്തിരുന്നില്ല. പുറത്ത് വന്ന ഗ്രൂപ്പ് ഫോട്ടോകളിലും ഇയാളുടെ മുഖം മറച്ചിരുന്നു. താലിബാന്റെ ശക്തമായ ഒരു ഉപവിഭാഗത്തിന്റെ തലവനാണ് ഇയാൾ. അമേരിക്ക അഫ്ഗാൻ വിടുന്നതിന് മുൻപ് താലിബാന്റെ നേതാവായ ഹിബത്തുള്ള അഖുന്ദ്സാദയുടെ മൂന്ന് ഡെപ്യൂട്ടിമാരിൽ ഏറ്റവും മുതിർന്നയാളായിരുന്നു സിറാജുദ്ദീൻ ഹഖാനി. പൊതുവേദികളിൽ ഹിബത്തുള്ള അഖുന്ദ്സാദയുടെ സാന്നിദ്ധ്യം ഏറെ നാളായി ഇല്ല. അതിനാൽ തന്നെ ഇയാൾ മരണപ്പെട്ടുവെന്നാണ് കരുതുന്നത്.

കഴിഞ്ഞ ഇരുപത് വർഷമായി താലിബാൻ ആസൂത്രണം ചെയ്തിട്ടുള്ള നിരവധി ആക്രമണങ്ങളുടെ സൂത്രധാരൻ എന്ന നിലയ്ക്കാണ് അമേരിക്ക സിറാജുദ്ദീൻ ഹഖാനിയുടെ തലയ്ക്ക് 10 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചത്.