gayathri-praveen

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. കാട്ടാക്കട വീരണകാവ് പുതിയ പാലത്തിനു സമീപം മുറുക്കര വീട്ടിൽ ഗായത്രിയാണ് മരിച്ചത്. ഇരുപത്തിനാലുകാരിയുടേത് ആത്മഹത്യയോ കൊലപാതകമാണോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

ഇന്നലെ രാവിലെ 10.30 ഓടെയാണ് കൊല്ലം പരവൂർ സ്വദേശിയായ പ്രവീണിനൊപ്പം യുവതി ഹോട്ടലിൽ മുറിയെടുത്തത്. 107ാം നമ്പർ മുറിയായിരുന്നു ഇവർ എടുത്തിരുന്നത്. ഗായത്രിയുടെ മുൻ സഹപ്രവർത്തകനാണ് ഇയാൾ. ഇവർ നഗരത്തിലെ ഒരു ജുവലറിയിൽ ഒന്നിച്ച് ജോലി ചെയ്തിരുന്നു.

ഇരുവരും പ്രണയത്തിലായിരുന്നു. പ്രവീൺ ഗായത്രിയെ താലി കെട്ടുന്നതിന്റെ ചിത്രം പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇയാൾ നേരത്തെ വിവാഹിതനാണ്. ഇവരുടെ ബന്ധം പ്രവീണിന്റെ ഭാര്യ അറിയുകയും, പരവൂർ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. കൂടാതെ പ്രവീൺ ജോലി ചെയ്യുന്ന ജുവലറിയിലെത്തിയും ഭാര്യ വിവരം പറഞ്ഞു. ഗായത്രിയുടെ വീട്ടിൽ എത്തിയും കാര്യങ്ങൾ ധരിപ്പിച്ചു.

gayathri-praveen

ഇതിനിടെ പ്രവീണിനെ ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും തമിഴ്‌നാട് ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇത് ഭാര്യ കാരണമാണ് എന്നു പറഞ്ഞു ഇയാൾ കഴിഞ്ഞ രണ്ടു മാസമായി കൊല്ലത്തെ വീട്ടിൽ പോയിരുന്നില്ല. ജോലി നഷ്ടപ്പെട്ട യുവതി നാട്ടിൽ ജിമ്മിൽ ട്രെയിനർ ആയി ജോലി നോക്കുകയായിരുന്നു.

ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് ഹോട്ടൽ റിസപ്ഷനിലേക്ക് പ്രവീണിന്റെ കോൾ വരുന്നത്. അപ്പോൾ മാത്രമാണ് മുറിയിൽ യുവതി ഒറ്റയ്ക്കായിരുന്നെന്ന കാര്യം ഹോട്ടൽ ജീവനക്കാർ അറിയുന്നത്. മുറി പുറത്തുനിന്ന് പൂട്ടിയിരിക്കുന്നത് കണ്ട് സംശയം തോന്നി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വായിൽ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു യുവതി.