viper-

തൃശൂർ: മോഡൽ ബോയ്സ് സ്‌കൂൾ വളപ്പിൽ വിദ്യാർത്ഥിയുടെ കാലിൽ വിഷപ്പാമ്പ് ചുറ്റിയെങ്കിലും കടിയേൽക്കാതെ രക്ഷപ്പെട്ടു. പത്താം ക്ലാസ് വിദ്യാർത്ഥിയായ നൈതിക് ഷോബിയുടെ (15) കാലിലാണ് അണലി ചുറ്റിപ്പിണഞ്ഞത്. ഉടനെ കുടഞ്ഞെറിഞ്ഞതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു. വിദ്യാർത്ഥിയുടെ കാലിൽ മുറിപ്പാട് കണ്ടതോടെ പാമ്പു കടിയേറ്റെന്ന് സംശയമുണർന്നെങ്കിലും വിദഗ്ദ്ധ പരിശോധനയിൽ പാമ്പിന്റെ കടിയേറ്റുണ്ടായ മുറിവല്ലെന്ന് വ്യക്തമായി.

ഇതോടെ നൈതിക് ആശുപത്രി മോചിതനായി. ഇന്നലെ രാവിലെ പത്തോടെ മോഡൽ ബോയ്സ് സ്‌കൂളിന്റെ പിൻവശത്തെ ഗേറ്റിന് സമീപമായിരുന്നു സംഭവം. ഉപയോഗരഹിതമായ കമ്പികളും നിർമ്മാണ സാമഗ്രികളുമൊക്കെ കൂട്ടിയിട്ടതിന് സമീപം പുൽപ്പടർപ്പുള്ള ഭാഗത്തിനരികിലൂടെ ക്ലാസ്മുറി ലക്ഷ്യമാക്കി നടക്കുകയായിരുന്നു നൈതിക്. കാലിൽ എന്തോ തടഞ്ഞത് പോലെ തോന്നി നോക്കിയപ്പോഴാണ് പാമ്പ് ചുറ്റിപ്പിണയുന്നത് കണ്ടത്. ഷൂസ് ധരിച്ച കാൽപാദത്തിലേക്ക് കടിയേൽക്കുന്നതിന് മുമ്പ് നൈതിക് കുടഞ്ഞെറിഞ്ഞു. വിവരമറിഞ്ഞ് അദ്ധ്യാപകരും വിദ്യാർത്ഥികളും ഓടിക്കൂടി.

ഉടൻ നൈതികിനെ ജൂബിലി മിഷൻ ആശുപത്രിയിലെത്തിച്ചു. കാലിൽ ഒരു മുറിപ്പാട് കണ്ടതോടെ വിഷം ഉള്ളിലെത്തിയെന്ന് ആശങ്കയുണ്ടായി. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് പലതരം പരിശോധനകൾ നടത്തിയാണ് കടിയേറ്റിട്ടില്ലെന്ന നിഗമനത്തിലെത്തിയത്. കാലിൽ കണ്ട മുറിപ്പാട് മുൻപേയുള്ളതാണെന്നും വ്യക്തമായി.