
മൊഹാലി: തന്റെ സ്‌കോറായ 175 വരെ പോലും എത്തിക്കാതെ ശ്രീലങ്കൻ ബാറ്റർമാരെ എറിഞ്ഞുവീഴ്‌ത്തി രവീന്ദ്ര ജഡേജ. നാലിന് 104 എന്ന നിലയിൽ മൂന്നാംദിനം ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്ക 174ന് എല്ലാവരും പുറത്തായി. ഇന്ന് നാല് വിക്കറ്റുകൾ ഉൾപ്പടെ ആകെ അഞ്ച് വിക്കറ്റുകൾ നേടിയത് ജഡേജയാണ്. 400 റൺസിന്റെ ലീഡ് നേടിയ ഇന്ത്യ ലങ്കയെ ഫോളോഓൺ ചെയ്യിച്ചു. എന്നാൽ രണ്ടാം ഇന്നിംഗ്‌സിലും അത്ര മെച്ചപ്പെട്ട നിലയിലല്ല ലങ്ക. ലഞ്ചിന് പിരിയുമ്പോൾ 10 റൺസിന് ഒരുവിക്കറ്റ് നഷ്‌ടമായ നിലയിലാണ് ശ്രീലങ്ക.
ടീം സ്‌കോർ ഒൻപതിൽ നിൽക്കെ റണ്ണൊന്നും നേടാതെ തിരിമന്നെ പുറത്തായി. അശ്വിന്റെ പന്തിൽ നായകൻ രോഹിത് ശർമ്മ പിടിച്ച് പുറത്താക്കുകയായിരുന്നു. ഒന്നാം ഇന്നിംഗ്‌സിൽ ലങ്കയ്‌ക്ക് വേണ്ടി പതും നിസങ്ക 61 റൺസ് നേടി. അവസാന അഞ്ച് ബാറ്റർമാർ റണ്ണൊന്നും നേടിയില്ല. 13 ഓവറുകളിൽ 41 റൺസ് വഴങ്ങിയാണ് ജഡേജ അഞ്ച് വിക്കറ്റുകൾ വീഴ്‌ത്തിയത്. ബുമ്‌റയും അശ്വിനും രണ്ട് വീതവും ഷമി ഒരു വിക്കറ്റും നേടി.