shane-warne

ബങ്കോക്ക് : മാന്ത്രിക സ്പിൻ കൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച ഓസ്‌ട്രേലിയൻ ഇതിഹാസം ഷേൻ വോണിന്റെ മരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തായ്ലൻഡ് പൊലീസ് പുറത്ത് വിട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വോൺ തായ്ലൻഡിൽ വച്ച് അന്തരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം എന്നായിരുന്നു പുറത്ത് വന്ന റിപ്പോർട്ടുകൾ.

നേരത്തെ ആസ്തമയും, ഹൃദയ സംബന്ധമായ അസുഖങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നതായിട്ടാണ് കുടുംബത്തിൽ നിന്നും പുറത്ത് വന്ന വിവരങ്ങൾ. ഇത് ശരിവയ്ക്കുന്നതാണ് പൊലീസ് നൽകുന്ന വിവരങ്ങൾ. ഒരു കാർഡിയോളജിസ്റ്റിന്റെ സേവനം വോൺ തേടിയിരുന്നതായി കോ സാമുയിയിലെ ബോ ഫൂട്ട് പൊലീസ് സ്റ്റേഷനിലെ സൂപ്രണ്ട് യുട്ടാന സിരിസോമ്പത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. തായ് മെയിൻലാൻഡിലെ സൂറത്ത് താനിയിലേക്ക് വോണിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇന്ന് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. വോണിന്റെ മരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാൻ അദ്ദേഹം തയ്യാറായില്ല.