china

ബീജിംഗ്: യുക്രെയിനെതിരെ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ലോകത്തിലെ വമ്പൻ ശക്തികൾ റഷ്യക്കെതിരെ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയിക്കുകയാണ്. അമേരിക്കയും കാനഡയും യൂറോപ്യൻ യൂണിയനുമടക്കം കടുത്ത സമ്മർദ്ദങ്ങൾ ചെലുത്തിയിട്ടും ആക്രമണത്തിൽ നിന്നും പിൻമാറാൻ റഷ്യ തയ്യാറല്ല. ഇതിനിടയിൽ യുദ്ധം സംബന്ധിച്ചും റഷ്യയുടെ നീതി നിഷേധാത്മകമായ ആക്രമണരീതികൾ സംബന്ധിച്ചും പല രാജ്യങ്ങളുടെയും നിലപാടും ഇതോടെ പുറത്താവുകയാണ്. റഷ്യയുമായുള്ള ചൈനയുടെ സൗഹൃദവും ഇതിനോടൊപ്പം തന്നെ വ്യക്തമാവുന്നു.

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഫെബ്രുവരിയിൽ നടന്ന കൂടിക്കാഴ്ചയിൽ അതിരുകളില്ലാത്ത സൗഹൃദം തുടരുമെന്ന് ഉറപ്പിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് യുക്രെയിനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചത്. ഇതിൽ വെട്ടിലായത് ചൈനയാണ്. ലോകരാഷ്ട്രങ്ങൾ റഷ്യക്കെതിരെ ഉപരോധങ്ങൾ കടുപ്പിച്ചതോടെ റഷ്യയുമായുള്ള സൗഹൃദത്തിന്റെ പേരിൽ ചീത്തപ്പേര് കേൾക്കാൻ ചൈന ഇഷ്ടപ്പെടുന്നില്ല. എന്നാൽ റഷ്യയെ പിണക്കാനുമാവില്ല. ഷീ ജിൻപിംഗ് അധികാരത്തിൽ വന്നതിന് ശേഷം ചൈനയും റഷ്യയുമായുള്ള സൗഹൃദം പഴതിനേക്കാളും ശക്തമായിരുന്നു. മാത്രമല്ല ഇരുവരുടെയും മനസിലിരിപ്പും ഒന്നുതന്നെയാണ്. അമേരിക്കയെന്ന വമ്പൻ ശക്തിയെ തറപ്പറ്റിക്കുക.

റഷ്യയുടെ സൈനിക ആക്രമണം, യുക്രെയിനിന്റെ ശക്തമായ പ്രതിരോധം, അന്താരാഷ്ട്രപരമായി പൊട്ടിപ്പുറപ്പെടുന്ന റഷ്യൻ വിരുദ്ധ പ്രതിഷേധങ്ങൾ എന്നിവ ചൈനയെയും സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. സ്വന്തം അയൽരാജ്യങ്ങളുമായുള്ള അതിർത്തി തർക്കങ്ങളിൽ പ്രാദേശിക സമഗ്രത ഉറപ്പുവരുത്തുമെന്ന നിലപാടെടുക്കുന്ന ചൈനയ്ക്ക് എന്നാൽ യുക്രെയിൻ വിഷയത്തിൽ നിലപാടിൽ ഉറച്ചുനിൽക്കാനായില്ല. മോസ്കോയുടെ നീതിനിഷേധാത്മകമായ പ്രവൃത്തിയെ അപലപിക്കാൻ ചൈന വിസമ്മതിക്കുക മാത്രമല്ല യുക്രെയിനിൽ റഷ്യ നടത്തുന്നത് അധിനിവേശമാണെന്ന് വിശേഷിപ്പിച്ച വിദേശ മാദ്ധ്യമങ്ങളോട് പ്രതിഷേധവും വ്യക്തമാക്കിയിരുന്നു.