hyderali-shihab-thangal

കൊച്ചി: മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു. 74 വയസായിരുന്നു. ദീർഘനാളായി അർബുദ രോഗ ബാധിതനായിരുന്നു. ഒരാഴ്ചയായി കൊച്ചി അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഐ.സി.യുവിലേക്ക് മാറ്റിയെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.

പിഎംഎസ്എ പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനായി 1947 ജൂൺ 15 നാണ്ഹൈദരലി തങ്ങൾ ജനിച്ചത്. 2009ൽ സഹോദരനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്നാണ് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റിന്റെ പദവിയിൽ എത്തിയത്. കഴിഞ്ഞ പതിമൂന്ന് വർഷമായി അദ്ദേഹം ഈ പദവിയിൽ തുടരുകയായിരുന്നു. ലീഗ് സംസ്ഥാന പ്രസിഡന്റാകുന്നതിന് മുൻപ് 25 വർഷത്തോളം പാർട്ടിയുടെ മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്നു.

വിദ്യാർത്ഥി സംഘടനയായ നൂറുൽ ഉലമയുടെ പ്രസിഡന്റായിട്ടാണ് ഹൈദരലി ശിഹാബ് തങ്ങൾ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് സമസ്തയുടെ വിദ്യാർഥി സംഘടനയായ എസ് എസ് എഫിന്റെ സ്ഥാപക പ്രസിഡന്റായി. 1983ലാണ് അദ്ദേഹം ലീഗിന്റെ ശക്തികോട്ടയായ മലപ്പുറത്തിന്റെ ജില്ലാ പ്രസിഡന്റായി എത്തിയത്. പരേതനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, പാണക്കാട് ഉമറലി ശിഹാബ് തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ എന്നിവരും സഹോദരങ്ങളാണ്. കൊയിലാണ്ടിയിലെ അബ്ദുല്ല ബാഫഖി തങ്ങളുടെ മകൾ ശരീഫ ഫാത്തിമ സുഹ്റയാണു ഭാര്യ. സാജിദ, ഷാഹിദ, നഈം അലി ശിഹാബ്, മുഈൻ അലി ശിഹാബ് എന്നിവരാണു മക്കൾ.