thangal

കൊച്ചി: മുസ്ളീം‌ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളെ അനുസ്‌മരിച്ച് വിവിധ നേതാക്കൾ. മതസൗഹാർദ്ദം നിലനിർത്തുന്നതിൽ ഊന്നിയ പ്രവർത്തനമായിരുന്നു തങ്ങളുടേതെന്ന് മുഖ്യമന്ത്രി അനുസ്‌മരിച്ചു. രാഷ്‌ട്രീയപരമായി വ്യത്യസ്‌ത ധ്രുവത്തിലെങ്കിലും വ്യക്തിപരമായ അടുപ്പം എന്നും സൂക്ഷിച്ചിരുന്നതായും മുഖ്യമന്ത്രി ഓർത്തു.

രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും വേണ്ടി പ്രവർത്തിച്ചയാളാണ് ഹൈദരലി തങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുസ്‌മരിച്ചു. യുഡിഎഫ് രാഷ്‌ട്രീയത്തെ എന്നും മുന്നിൽ നിന്ന് നയിച്ചയാളാണ്. തീരാനഷ്‌ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും വി.ഡി സതീശൻ പറഞ്ഞു.

വെല്ലുവിളികളെ പുഞ്ചിരിയോടെ നേരിട്ടയാളാണ് തങ്ങളെന്ന് മുൻ മുഖ്യമന്ത്രി എ.കെ ആന്റണി ഓർമ്മിച്ചു. മതേതരത്വത്തിനും മതമൈത്രിയ്‌ക്കും വേണ്ടി നിലകൊണ്ടയാളാണ് ഹൈദരലി തങ്ങളെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ലീഗിന് മാത്രമല്ല എല്ലാവർക്കും തണലായിരുന്നു ഹൈദരലി തങ്ങളെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി അനുസ്‌മരിച്ചു. മതനിരപേക്ഷ ജനാധിപത്യത്തിന് വലിയ നഷ്‌ടമാണ് തങ്ങളുടെ നിര്യാണമെന്ന് സ്‌പീക്കർ എം.ബി രാജേഷ് അനുസ്‌മരിച്ചു. അർബുദ ബാധയെത്തുടർന്ന് ഏറെ നാളായി ചികിത്സയിൽ തുടരവെ ഇന്ന് അങ്കമാലിയിലെ ആശുപത്രിയിൽ വച്ചാണ് പാണക്കാട് ഹൈദരലി തങ്ങൾ വിടവാങ്ങിയത്.