
തിരുവനന്തപുരം: പാർട്ടി ഏൽപ്പിച്ച ചുമതല ഭംഗിയായി നിർവഹിക്കുമെന്ന് മേയർ ആര്യയും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും. വിവാഹ നിശ്ചയത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.
എകെജി സെന്ററിൽ രാവിലെ പതിനൊന്നുമണിക്കായിരുന്നു ചടങ്ങ്. സച്ചിന്റെയും ആര്യയുടെയും അടുത്ത ബന്ധുക്കളും നേതാക്കളും അടക്കം വളരെ കുറച്ചുപേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹ തീയതി പിന്നീട് അറിയിക്കും.

'ആര്യയുടെ ചുമതല ആര്യയും എന്റെ ചുമതല ഞാനും നിർവഹിക്കും. ഞങ്ങളെ പാർട്ടി ഏൽപ്പിച്ച ചുമതല വളരെ ഭംഗിയായി നാടിനും ജനങ്ങൾക്കും വേണ്ടി നിർവഹിക്കും. അതിന് വിവാഹം പ്രശ്‌നമായി വരുമെന്ന് തോന്നുന്നില്ല.'- സച്ചിൻ പറഞ്ഞു.
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമാണ് സച്ചിൻദേവ്. ആര്യാ രാജേന്ദ്രൻ എസ്എഫ്‌ഐ സംസ്ഥാന സമിതി അംഗവും സിപിഎം ചാല ഏരിയാ കമ്മിറ്റി അംഗവുമാണ്.