ss

ലീഡ്

പാണക്കാട്ടെ വലിയ പാരമ്പര്യത്തിന്റെ മഹത്വം ഹൈദരലി തങ്ങളുടെ ഓരോ പ്രവൃത്തികളിലും തെളിഞ്ഞുനിന്നു.

------------------------------------------------------------------------------------------------------------------------------------കേരളീയ പൊതുസമൂഹത്തിൽ ആത്മീയതയുടെ പ്രകാശം ചൊരിഞ്ഞ രാഷ്ട്രീയ നേതാവിനെയാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്. സൗമ്യവും ദീപ്തവുമായ ആ മുഖം എല്ലാ മതവിഭാഗക്കാർക്കും ഒരുപോലെ സ്വീകാര്യമായിരുന്നു .

ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷനായിരിക്കുമ്പോഴും ആത്മീയപാത വിട്ടുള്ളൊരു ജീവിതം അദ്ദേഹത്തിനില്ലായിരുന്നു.ലീഗിന്റെ അവസാന വാക്കായിട്ടും അധികാരത്തിന്റെ സ്വരം അദ്ദേഹത്തിന്റെ നാവിൽനിന്ന് ഒരിക്കലും വീണിട്ടില്ല.തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലിറങ്ങാൻ സമ്മർദ്ദമുണ്ടായ അവസരത്തിലൊക്കെ ഒരു പുഞ്ചിരിയോടെ അദ്ദേഹം ഒഴിഞ്ഞുമാറി. തികച്ചും ലളിതമായ ജീവിതശൈലി പുലർത്തുകയും ആർദ്രമായ ഹൃദയത്തോടെ നിരാലംബരായ ജനങ്ങളെ എന്നും ചേർത്തുപിടിക്കുകയും ചെയ്തു. സമുദായത്തിന്റെ ആത്മീയാചാര്യനായിരുന്നു മിതഭാഷിയായ ഹൈദരലി തങ്ങൾ.

ലീഗ് രാഷ്ട്രീയം പ്രതിസന്ധികളെ അഭിമുഖീകരിച്ചപ്പോഴെല്ലാം ഉറച്ച നേതൃത്വം

നൽകാനും ,തന്നിൽ അർപ്പിതമായ ഉത്തരവാദിത്വത്തെ ഏകാധിപത്യത്തിന്റെ കാഴ്ചപ്പാടിൽ കാണാതെ ജനാധിപത്യരീതിയിൽ കൈകാര്യം ചെയ്യാനും ഹൈദരലി തങ്ങൾക്കു കഴിഞ്ഞിരുന്നു.എന്നും ബഹളങ്ങളിൽ നിന്ന് വിട്ടുനിന്നു.പാണക്കാട്ടെ വലിയ പാരമ്പര്യത്തിന്റെ മഹത്വം അദ്ദേഹത്തിന്റെ ഓരോ പ്രവൃത്തികളിലും തെളിഞ്ഞുനിന്നു.തികഞ്ഞ പണ്ഡിതനായിരുന്ന അദ്ദേഹം സ്വപരിശ്രമത്തിലൂടെ സ്വായത്തമാക്കിയ അറിവിനെ മാനവ സാഹോദര്യമെന്ന ലക്ഷ്യത്തിനായിട്ടാണ് വിനിയോഗിച്ചത്. ഇതര മതസ്ഥരുടെ ആദരവും അംഗീകാരവും തേടിയെത്തിയത് ആ മതേതരനിലപാടിന്റെ പ്രത്യേകതയാലായിരുന്നു.സമസ്ത ഉപാദ്ധ്യക്ഷനും എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റുമായിരുന്നു.മുസ്‌ലിം ലീഗ്, സമസ്ത ഭാരവാഹിത്വങ്ങൾ ഒരുപോലെ വഹിച്ചതിനാൽ സമുദായത്തിന്റെ നിർണ്ണായക ശബ്ദമായി എന്നും വിശേഷിപ്പിക്കപ്പെട്ടു..

മുസ്ലിം സമുദായത്തിന്റെ അനിഷേധ്യ നേതാവും ആത്മീയാചാര്യനുമായിരുന്ന പുതിയ മാളിയേക്കൽ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെയും സയ്യിദത്ത് ആയിശ ചെറുകുഞ്ഞി ബീവിയുടെയും മൂന്നാമത്തെ മകനായി 1947 ജൂൺ 15ന് പാണക്കാട്ടെ തറവാട്ടിലായിരുന്നു ഹൈദരലി തങ്ങളുടെ ജനനം. ദീർഘകാലം മുസ്‌ലിം ലീഗിനെ നയിച്ച ജ്യേഷ്ട സഹോദരൻ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ വേർപാടിനെ തുടർന്ന് 2009 ലാണ് ലീഗിന്റെ സംസ്ഥാന പ്രസിഡന്റാവുന്നത്. മരണംവരെ ലീഗിന്റെ അമരത്ത് ഹൈദരലി തങ്ങൾ സജീവമായി നിലകൊണ്ടു.

മലപ്പുറം മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റി പ്രസിഡന്റായാണ് ലീഗ് രാഷ്ട്രീയത്തിൽ അദ്ദേഹം തുടക്കം കുറിച്ചത്. 1990ൽ മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി. 19 വർഷത്തോളം ഈ സ്ഥാനത്ത് തുടർന്നു. ലീഗ് രാഷ്ട്രീയകാര്യ സമിതി ചെയർമാൻ, ഉന്നതാധികാര സമിതിയംഗം തുടങ്ങിയ പദവികളും വഹിച്ചു. സമസ്ത കേരളാ ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് ട്രഷറർ, ദാറുൽ ഹുദ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി ചാൻസിലർ, ആയിരത്തിലധികം മഹല്ലുകളുടെ ഖാസി, അനാഥ അഗതി മന്ദിരങ്ങളുടെ അദ്ധ്യക്ഷൻ എന്നിങ്ങനെ അനവധി സ്ഥാനങ്ങൾ വഹിച്ചു.

കോഴിക്കോട് എം.എം ഹൈസ്‌കൂളിൽ 1959ൽ എസ്.എസ്.എൽ.സി പൂർത്തിയാക്കിയശേഷം മതപഠനത്തിലേക്ക് തിരിഞ്ഞ ഹൈദരലി തങ്ങൾ മൂന്ന് വർഷം ദർസ് പഠനം നടത്തി. പൊന്നാനി മ ഊനത്തുൽ ഇസ്‌ലാം അറബി കോളേജിലും തുടർന്ന് പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിലും പഠിച്ചു. 1975ൽ ഫൈസി ബിരുദം നേടി. ജാമിഅയിലെ പഠനത്തിനിടെ വിദ്യാർത്ഥി സംഘടനയായ നൂറുൽ ഉലമ സ്റ്റുഡന്റ് ഫെഡറേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പൊതുപ്രവർത്തനത്തിന്റെയും സംഘടനാ പ്രവർത്തനത്തിന്റെയും ആരംഭം ഇങ്ങനെയായിരുന്നു.

1973ൽ സമസ്തയുടെ വിദ്യാർത്ഥി സംഘടന എസ്.എസ്.എഫ് രൂപീകരിച്ചപ്പോൾ ഹൈദരലി തങ്ങളായിരുന്നു പ്രഥമ പ്രസിഡന്റ്. പിതാവ് പൂക്കോയ തങ്ങളുടെ മരണത്തോടെയാണ് രാഷ്ട്രീയ, മത രംഗത്ത് അദ്ദേഹം കൂടുതൽ സജീവമാവുന്നത്. സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളും മരണപ്പെട്ടതോടെ അവരുടെ ഉത്തരവാദിത്വങ്ങൾ കൂടി ഹൈദരലി തങ്ങൾ ഏറ്റെടുക്കുകയായിരുന്നു.

സമൂഹത്തിനായി ജീവിതം നീക്കിവച്ച ഹൈദരലി തങ്ങളുടെ വേർപാട് കേവലം മുസ്ലിം മതവിഭാഗത്തിന്റെയോ,ലീഗിന്റെയോ,യു.ഡി.എഫിന്റെയോ മാത്രം നഷ്ടമായി ഒരിക്കലും കാണാനാവില്ല. വിശുദ്ധമായ ജീവിതം നയിച്ച് അനേകലക്ഷം പേർക്ക്

വെളിച്ചം കാട്ടിക്കൊടുത്ത മഹദ് വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. നന്മയുടെയും കാരുണ്യത്തിന്റയും ആ വിളക്കാണ് എഴുപത്തിനാലാം വയസിൽ അണഞ്ഞുപോകുന്നത്.

ഹൈദരലി തങ്ങളുടെ പിതാവ് ആദരണീയനായ പൂക്കോയ തങ്ങളുടെ കാലം മുതൽ പാണക്കാട് കുടുംബവുമായി കേരളകൗമുദിക്ക് ഊഷ്മളമായ ബന്ധമുണ്ട്.അത് തലമുറകളിലൂടെ അനുസ്യൂതം തുടർന്നുവരികയാണ്. ഹൈദരലി തങ്ങളുടെ വേർപാടിൽ അനുശോചിക്കുകയും കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദു:ഖത്തിൽ ഞങ്ങൾ പങ്കു ചേരുകയും ചെയ്യുന്നു.