putin

മോസ്‌കോ : യുക്രെയിനിലെ റഷ്യൻ ആക്രമണം പതിനൊന്നാം ദിവസവും തുടരുകയാണ്. ഓരോ ദിവസം കഴിയുന്തോറും യുക്രെയിനിൽ ആക്രമണം കടുപ്പിക്കുകയാണ്. 2000ൽ അടച്ചുപൂട്ടിയ ചെർണോബിൽ ആണവനിലയത്തിൽ ഉൾപ്പടെ രൂക്ഷമായ ഏറ്റുമുട്ടൽ ഉണ്ടായി. ആണവ നിലയങ്ങളെ ലക്ഷ്യം വച്ചുള്ള റഷ്യൻ ആക്രമണം യുക്രെയിൻ ആണവ ബോംബ് ഉണ്ടാക്കിയെന്ന റഷ്യൻ ആരോപണത്തിന് പിന്നാലെയാണ് എന്നതും ശ്രദ്ധേയമാണ്.

അടച്ചുപൂട്ടിയ ചെർണോബിൽ ആണവനിലയത്തിൽ യുക്രെയിൻ ആണവായുധങ്ങൾ നിർമ്മിക്കാൻ ശ്രമിച്ചുവെന്നാണ് റഷ്യൻ മാദ്ധ്യമം പുറത്ത് വിട്ട വിവരം. പ്ലൂട്ടോണിയം അധിഷ്ഠിതമായ ആണവായുധങ്ങൾ നിർമ്മിക്കാനാണ് പദ്ധതി. എന്നാൽ ആണവായുധം വികസിപ്പിക്കാൻ ശ്രമിച്ചു എന്ന റഷ്യൻ ആരോപണത്തെ യുക്രെയിൻ തള്ളി. സോവിയറ്റ് യൂണിയന്റെ തകർച്ചയെത്തുടർന്ന് 1994ൽ ആണവായുധങ്ങൾ ഉപേക്ഷിച്ച ശേഷം വീണ്ടും ആണവ ക്ലബ്ബിൽ ചേരാൻ പദ്ധതിയില്ലെന്ന് യുക്രെയ്ൻ സർക്കാർ അറിയിച്ചു.

യൂറോപ്യൻ രാജ്യങ്ങളുടെ പിന്തുണ ആവോളമുള്ള യുക്രെയിനെ നിരായുധമാക്കുക എന്ന ലക്ഷ്യവും റഷ്യൻ ആക്രമണത്തിനുണ്ട്. ഫെബ്രുവരി 24നാണ് റഷ്യൻ സൈനികർ യുക്രെയിനിലേക്ക് ആക്രമണം ആരംഭിച്ചത്. യുക്രെയിനെ നേരിട്ട് സഹായിക്കാനെത്തിയില്ലെങ്കിലും ആയുധങ്ങൾ നൽകിയും, റഷ്യക്കെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തിയും വിവിധ രാജ്യങ്ങൾ ഒപ്പമുണ്ട്.