
മൊഹാലി: ഇന്ത്യ- ശ്രീലങ്ക ആദ്യ ടെസ്‌റ്റിൽ രണ്ടാം ഇന്നിംഗ്‌സിലും ബാറ്റിംഗ് തകർച്ച നേരിട്ട് ശ്രീലങ്ക. മൂന്നാം ദിനം 174ന് ആദ്യ ഇന്നിംഗ്സ് അവസാനിച്ച് ഫോളോഓൺ ചെയ്യുന്ന ലങ്ക രണ്ടാം ഇന്നിംഗ്‌സിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 52 ഓവറുകളിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 156 റൺസ് എന്ന നിലയിൽ ഇന്ത്യൻ ബൗളിംഗിന് മുന്നിൽ പതറുകയാണ്. 30 റൺസുമായി പുറത്താകാതെ നിൽക്കുന്ന ഡിക്‌വെല്ലയും 30 റൺസ് നേടിയ ധനഞ്ജയ ഡി സിൽവയും 28 റൺസ് നേടിയ ഏഞ്ചലോ മാത്യുസും 27 റൺസ് നേടിയ കരുണരത്നയും മാത്രമേ അൽപമെങ്കിലും പിടിച്ചുനിന്നുളളു.
ആദ്യ ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ജഡേജ രണ്ടാം ഇന്നിംഗ്‌സിലും മികച്ച ബൗളിംഗ് പുറത്തെടുത്തിട്ടുണ്ട്. 34 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ ജഡേജ വീഴ്‌ത്തി. അശ്വിനും മൂന്ന് വിക്കറ്റുകൾ നേടിയിട്ടുണ്ട്. ടെസ്‌റ്റിൽ കപിൽദേവ് നേടിയ 434 വിക്കറ്റുകൾ എന്ന റെക്കാഡ് ഇന്ന് അശ്വിൻ മറികടന്നു. ഇന്നത്തെ വിക്കറ്റ് നേട്ടത്തോടെ അശ്വിൻ ടെസ്‌റ്റിൽ നേടിയ വിക്കറ്റുകളുടെ എണ്ണം 435 ആയി. 85 ടെസ്‌റ്റുകളിൽ നിന്നാണ് അശ്വിന്റെ നേട്ടം.