praveen-gayatri-

തിരുവനന്തപുരം : തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. യുവതിക്കൊപ്പം ഇവിടെ താമസിച്ച ജുവലറി ജീവനക്കാരനായ പ്രവീണാണ് പ്രതി. കാട്ടാക്കട വീരണകാവ് പുതിയ പാലത്തിനു സമീപം മുറുക്കര വീട്ടിൽ ഗായത്രിയാണ് തലസ്ഥാനത്തെ ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ടത്. കൊല്ലം പരവൂർ സ്വദേശിയായ പ്രവീണിനൊപ്പമാണ് യുവതി ഇവിടെ താമസിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പത്തോടെ പ്രവീൺ ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. പന്ത്രണ്ടോടെയാണ് ഗായത്രി ഇവിടേയ്ക്ക് വന്നത്.

നഗരത്തിലെ ഒരു പ്രശസ്ത ജുവലറിയിൽ പ്രവീണും ഗായന്ത്രിയും ഒന്നിച്ച് ജോലി ചെയ്തിരുന്നു. ഈ സമയത്താണ് ഇരുവരും പ്രണയത്തിലായത്. എട്ട് മാസം മുൻപ് ഗായന്ത്രി ജോലി ഉപേക്ഷിച്ചുവെങ്കിലും ഇരുവരും തമ്മിൽ അടുപ്പം തുടർന്നു. ഇതിനിടെ പ്രവീൺ ഗായത്രിയെ വിവാഹം കഴിച്ചുവെന്നും വിവരമുണ്ട്. പള്ളിയിൽ വച്ച് വിവാഹം നടത്തിയ ഫോട്ടോ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അരിസ്റ്റോ ജംഗ്ഷനിൽ ഉള്ള ഹോട്ടലിലെ മുറിയിൽ ഗായത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടലിലെ റിസപ്ഷനിൽ വന്ന ഒരു ഫോൺ കോളിലാണ് യുവതി മുറിയിൽ മരിച്ച വിവരം ഹോട്ടൽ ജീവനക്കാർ അറിയുന്നത്. മുറി പുറത്തുനിന്ന് പൂട്ടിയിരിക്കുന്നത് കണ്ട് സംശയം തോന്നി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വായിൽ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു യുവതി.

തുടർന്ന് പൊലീസ് യുവാവിന് വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതമാക്കി. എന്നാൽ ഇതിനിടെ യുവാവ് പരവൂർ പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. ഗായത്രിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. വാക്കു തർക്കത്തിനിടെയാണ് കൊലപാതകം. വിവാഹിതനായ രണ്ട് കുട്ടികളുടെ പിതാവായ പ്രവീൺ അത് മറച്ചു വച്ചാണ് ഗായത്രിയുമായി അടുത്തത്. എന്നാൽ വിവരങ്ങൾ അറിഞ്ഞതിനെ തുടർന്ന് പിന്നീട് പ്രവീണിന്റെ ഭാര്യ ഗായത്രിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. ജുവലറിയിലും ഇവർ പരാതിയുമായി എത്തി, ഇതിനിടെ ഇയാളെ ജുവലിറിയുടെ തമിഴ്നാട് ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇവിടേയ്ക്ക് പോകുന്നതിന് മുൻപാണ് പ്രവീൺ ഹോട്ടലിൽ മുറിയെടുത്തത്.