modi

പൂനെ: രാജ്യം കൊവിഡിനെ സുരക്ഷിതമായി നേരിട്ടതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് കാലത്തെ നേരിട്ടതുപോലെ വിജയകരമായി യുക്രെയിനിലെ ഒഴിപ്പിക്കൽ നടത്താനും ഇന്ത്യക്കായെന്നും പ്രധാനമന്ത്രി പറഞ്ഞു. വലിയ രാജ്യങ്ങൾ പോലും യുക്രെയിനിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാൻ പാടുപെടുമ്പോൾ അവർക്ക് പോലും കഴിയാത്ത കാര്യങ്ങൾ ഇന്ത്യ ചെയ്യുന്നു. ആയിരക്കണക്കിന് വിദ്യാർത്ഥികളെ ഇന്ത്യ ഒഴിപ്പിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. പൂനെ സിംബയോസിസി സർവകലാശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ മാറ്റങ്ങളുടെ മേന്മ മുഴുവൻ യുവാക്കൾക്ക് നൽകണമെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി മറ്റ് രാജ്യങ്ങളിൽ നിന്ന് പ്രതിരോധമോ ആശ്രിതത്വമോ വേണ്ടിവന്നിട്ടില്ലാത്ത ഇപ്പോഴത്തെ തലമുറ ഭാഗ്യംചെയ്‌തവരാണെന്നും പറഞ്ഞു.

അതേസമയം ഓപറേഷൻ ഗംഗാ ദൗത്യത്തിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. സ്വന്തം താമസസ്ഥലത്ത് നിന്നും ഹംഗറിയിലെ ബുഡാപെ‌സ്‌റ്റിലേക്കാണ് ഇന്ത്യൻ വിദ്യാർത്ഥികൾ എത്തേണ്ടതെന്നാണ് എംബസി അറിയിപ്പ്.ഇതുവരെ 63 ഫ്ളൈറ്റുകളിലായി 13,300 ഇന്ത്യക്കാരെയാണ് സുരക്ഷിതമായി തിരികെ ഇന്ത്യയിലെത്തിച്ചത്.