scooter-ride-

ഇത് റസിയാ ബീഗം രാജ്യത്തെ ആയിരക്കണക്കിന് രക്ഷിതാക്കളെ പോലെ യുക്രെയിനിൽ കുടുങ്ങിയ മക്കളെയോർത്ത് നെഞ്ചുരുകി കഴിയുകയാണ് ഓരോ നിമിഷവും. റസിയ ബീഗത്തിന്റെ 21 കാരനായ മകൻ മുഹമ്മദ് നിസാമുദ്ദീൻ അമൻ റഷ്യൻ ആക്രമണം രൂക്ഷമായ സുമിയിൽ കുടുങ്ങിയിരിക്കുകയാണ്. സുമി സ്‌റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ് ഇയാൾ. ഒപ്പമുള്ള എണ്ണൂറോളം പേർക്കൊപ്പം അമനും കനത്ത റഷ്യൻ ബോംബാക്രമണത്തിനിടയിൽ ഒരു ബങ്കറിൽ കഴിയുകയാണ്.

റസിയാ ബീഗത്തിനെയും മകനേയും ഇന്ത്യക്കാർക്ക് മുൻപേ അറിയാവുന്നവരാണ്. കൊവിഡിനെ തുടർന്ന് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ മകനെ രക്ഷിക്കാൻ 1,400 കിലോമീറ്റർ സ്‌കൂട്ടർ ഓടിച്ച മാതാവാണ് റസിയ. തെലങ്കാനയിലെ നിസാമാബാദിൽ നിന്നും മകൻ പഠിക്കുന്ന ആന്ധ്രാപ്രദേശിലെ നെല്ലൂരിലേക്കായിരുന്നു ഇരുചക്രവാഹനത്തിൽ റസിയയുടെ സാഹസയാത്ര. എന്നാൽ യുക്രെയിനിലെത്തി മകനെ രക്ഷിച്ചു കൊണ്ടുവരാനുള്ള അവസ്ഥയിലല്ല ഇപ്പോൾ റസിയ. വീഡിയോ കാളിലൂടെ മകനുമായി സംസാരിക്കാൻ കഴിയുന്നുണ്ട്. മകൻ ഉടനെത്തണേ എന്ന പ്രാർത്ഥനയിലാണ് ഈ മാതാവ്. വിദ്യാർത്ഥികളെ രക്ഷിക്കുന്നത് മുൻഗണനയായി പരിഗണിക്കണമെന്ന് സംസ്ഥാനകേന്ദ്ര സർക്കാരുകളോട് ഇവർ അഭ്യർത്ഥിച്ചു. തെലങ്കാനയിലെ സർക്കാർ സ്‌കൂൾ അദ്ധ്യാപികയാണ് 52 കാരിയായ റസിയ ബീഗം.