ukr2

സുരക്ഷാ ഇടനാഴിയിൽ ഇന്നലെയും റഷ്യൻ ആക്രമണം

റെഡ്‌ക്രോസിന്റെ ഒഴിപ്പിക്കൽ ശ്രമം വിജയിച്ചില്ല

ഇന്ന് വീണ്ടും സമാധാന ചർച്ച

വിനിട്സ്യ വിമാനത്താവളം റഷ്യ തകർത്തു

കീവ്:യുക്രേനിയയിലെ മരിയുപോൾ,​ വോളനോവാഖ നഗരങ്ങളിൽ കുടുങ്ങിയ ലക്ഷക്കണക്കിന് ജനങ്ങളെ ഒഴിപ്പിക്കാൻ റഷ്യ ഇന്നലെ പ്രഖ്യാപിച്ച രണ്ടാമത്തെ വെടിനിറുത്തലും വിഫലമായെന്ന് റിപ്പോർട്ട്. റഷ്യ ആക്രമണം നിർത്താത്തതിനാൽ മരിയുപോളിൽ നിന്ന് മുൻ നിശ്ചയിച്ച സുരക്ഷാ ഇടനാഴിയിലൂടെ ജനങ്ങളെ ഒഴിപ്പിക്കാനായില്ലെന്ന് യുക്രേനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. യുക്രേനിയൻ തലസ്ഥാനമായ കീവിന് സമീപത്തുകൂടി മറ്റ് വഴികൾ ഒരുക്കാൻ റഷ്യയെ പ്രേരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.

രണ്ടിടത്തും ശനിയാഴ്ച പ്രഖ്യാപിച്ച ആറ് മണിക്കൂർ വെടിനിറുത്തൽ റഷ്യ തന്നെ ലംഘിച്ചതിനാൽ ഒഴിപ്പിക്കൽ നടന്നില്ല. യുക്രെയിനും റഷ്യയും തമ്മിലുള്ള അടുത്ത സമാധാന ചർച്ച ഇന്ന് നടക്കും. വിനിട്സ്യ വിമാനത്താവളം റഷ്യ റോക്കറ്റ് ആക്രമണത്തിൽ തകർത്തു

പ്രാദേശിക സമയം ഇന്നലെ രാവിലെ പത്തു മണി മുതൽ രാത്രി ഒൻപത് മണി വരെ ( ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 12.30 മുതൽ രാത്രി 11.30 വരെ ) പതിനൊന്ന് മണിക്കൂറാണ് വെടിനിറുത്തൽ പ്രഖ്യാപിച്ചത്. ഈ സമയത്ത് രക്ഷപ്പെടാമെന്ന ജനങ്ങളുടെ പ്രതീക്ഷ വീണ്ടും തകർന്നു.ആക്രമണം രൂക്ഷമായ ഇരു നഗരങ്ങളിലും രണ്ട് ലക്ഷത്തോളം ജനങ്ങളെയാണ് അടിയന്തരമായി ഒഴിപ്പിക്കാനുള്ളത്.

ജനങ്ങൾക്ക് മരിയുപോളിൽ നിന്ന് സാപോറിസ്യയിലേക്ക് പോകാൻ മൂന്ന് വഴികളാണ് ഒരുക്കിയത്. റെഡ്ക്രോസിന്റെ നേതൃത്വത്തിൽ കോൺവോയി ആയി നീങ്ങിയ ബസുകളിൽ ഒഴിപ്പിക്കാനായിരുന്നു നീക്കം. എന്നാൽ റഷ്യൻ സേനയുടെ ആക്രമണം കാരണം സുരക്ഷാ ഇടനാഴി സാദ്ധ്യമല്ലാതെ വന്നു.

അഭയാർത്ഥി പ്രവാഹം രൂക്ഷമാവുകയാണ്. പതിനൊന്ന് ദിവസത്തിനകം 15ലക്ഷം ജനങ്ങളാണ് പലായനം ചെയ്‌തത്.

ശനിയാഴ്ചത്തെ വെടിനിറുത്തൽ റഷ്യ ലംഘിച്ചതോടെ ആയിരക്കണക്കിന് ജനങ്ങളാണ് കുടുങ്ങിയത്. വീടുകളിലും ഷെൽട്ടറുകളിലും നിന്ന് ബസുകളിലും മറ്റ് വാഹനങ്ങളിലും ജനങ്ങൾ നഗരകേന്ദ്രത്തിലേക്ക് ഒഴുകുകയായിരുന്നു. പെട്ടെന്നാണ് റഷ്യ ആക്രമണം തുടങ്ങിയത്. രക്ഷപ്പെടാനായി ഇറങ്ങിയ ജനങ്ങൾ അതോടെ പാതിവഴിയിൽ കുടുങ്ങി.

മരിയുപോൾ നഗരത്തിൽ വീടുകൾ കത്തുകയാണെന്നും വീഥികളിൽ മൃതദേഹങ്ങൾ കിടക്കുകയാണെന്നും ഭക്ഷണവും കുടിവെള്ളവും കിട്ടാനില്ലെന്നും കുടുങ്ങിയവർ പറഞ്ഞു. സാപ്പോറിസ്യയിലേക്കുള്ള സുരക്ഷാ വഴിയിൽ ഷെല്ലുകൾ പതിച്ചു.

സാപോറിസ്യയിൽ വൻ ഒരുക്കം

ഇരുനഗരങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കുന്ന തിരക്കിലാണ് സാപോറിസ്യ നഗരത്തിലെ ഉദ്യോഗസ്ഥർ. നഗരത്തിലെ വലിയ സർക്കസ് കൂടാരം അഭയാർത്ഥി ക്യാമ്പാക്കി മാറ്റി. അവിടെ കിടക്കകളും തലയിണകളും ചൂടുള്ള വസ്ത്രങ്ങളും ഭക്ഷണ പാക്കറ്റുകളും തയ്യാറാക്കി. സ്‌കൂളുകളും കിന്റർ ഗാർട്ടനുകളും ഹോസ്റ്റലുകളും മറ്റ് കെട്ടിടങ്ങളുമെല്ലാം അഭയാർത്ഥികൾക്കായി ഒരുക്കുകയാണ്.