
മൊഹാലി: ബൗളിംഗിലും ബാറ്റിംഗിലും ഇന്ത്യയെ മറികടക്കാനാകാതെ മൊഹാലിയിലെ പിച്ചിൽ തകർന്നടിഞ്ഞ് ശ്രീലങ്ക. ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റിൽ മൂന്നാം ദിനം രണ്ടാം ഇന്നിംഗ്‌സിൽ 178 റൺസിന് ശ്രീലങ്ക ഓൾ ഔട്ടായി. ഇതോടെ ഇന്ത്യ ഇന്നിംഗ്‌സിനും 222 റൺസിനും മികച്ച വിജയംതന്നെ നേടി.
ഇന്ത്യ നേടിയ 574 റൺസിന് മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കയുടെ ആദ്യ ഇന്നിംഗ്‌സ് 174 റൺസിന് അവസാനിച്ചു. ഫോളോഓൺ ചെയ്‌ത ലങ്കയ്‌ക്ക് വേണ്ടി നിരോഷൺ ഡിക്‌വെല്ലയ്‌ക്ക് മാത്രമാണ് പിടിച്ചുനിൽക്കാനായത്. 81 പന്തുകൾ നേരിട്ട ഡിക്‌വെല്ല 51 റൺസ് നേടി പുറത്താകാതെ നിന്നു. ധനഞ്ജയ ഡി സിൽവ(30) ഏഞ്ചലോ മാത്യുസ് (28) കരുണരത്‌ന (27) എന്നിവരാണ് ഭേദപ്പെട്ട സ്‌കോർ നേടിയ മറ്റ് ബാറ്റർമാർ.

ആദ്യ ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജഡേജ രണ്ടാം ഇന്നിംഗ്‌സിലും മികച്ച ബൗളിംഗ് പുറത്തെടുത്തു. 16 ഓവറുകളിൽ 46 റൺസ് വഴങ്ങി ജഡേജ നാല് വിക്കറ്റ് വീഴ്‌ത്തി. 21 ഓവറുകളിൽ 47 റൺസ് വഴങ്ങി അശ്വിനും നാല് വിക്കറ്റുകൾ നേടിയിട്ടുണ്ട്. ടെസ്റ്റിൽ കപിൽദേവ് നേടിയ 434 വിക്കറ്റുകൾ എന്ന റെക്കാഡ് ഇന്ന് അശ്വിൻ മറികടന്നു. ഇന്നത്തെ വിക്കറ്റ് നേട്ടത്തോടെ അശ്വിൻ ടെസ്റ്റിൽ നേടിയ വിക്കറ്റുകളുടെ എണ്ണം 435 ആയി. 85 ടെസ്റ്റുകളിൽ നിന്നാണ് അശ്വിന്റെ നേട്ടം. രണ്ട് ടെസ്‌റ്റ് പരമ്പരയിൽ ഇന്നത്തെ വിജയത്തോടെ ഇന്ത്യ 1-0ന് മുന്നിലെത്തി.