smart-plan-

കുടുംബം എത്രയും വലുത് ആകുന്നുവോ അത്രയും സാധനങ്ങൾ വാങ്ങേണ്ടതായി വരും, ഇതിനായി ഷോപ്പിംഗ് നടത്താൻ കൂടെ കൂടെ പുറത്ത് പോകണം, അതിനൊത്ത് കൈയിലെ കാശും തീരും. എന്നാൽ ഇതൊന്നും ബാധിക്കാത്ത ഒരു വലിയ കുടുംബമുണ്ട്. അഞ്ച് കുട്ടികൾ അടങ്ങിയ ഏഴംഗ കുടുംബം. ഈ കുടുംബത്തിലെ വീട്ടമ്മയായ തബിത കെല്ലി ഷോപ്പിംഗിനായി ആകെ പോകുന്നത് വർഷത്തിൽ രണ്ട് തവണയാണ്. യൂട്യൂബർ കൂടിയായ ഇവർ എങ്ങനെയാണ് തന്റെ ഷോപ്പിംഗ് ശീലങ്ങൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിരിക്കുന്നതെന്ന് വീഡിയോയിലൂടെ വിവരിക്കുന്നു.

തബിത കെല്ലി വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് സൂപ്പർ മാർക്കറ്റിൽ ഷോപ്പിംഗിനായി പോകാറുള്ളു. പോകുമ്പോൾ അത് ഒരു പോക്കായിരിക്കും. രാവിലെ സൂപ്പർ മാർക്കറ്റ് തുറക്കുമ്പോൾ കയറുന്ന തബിത ഷോപ്പിംഗ് കഴിഞ്ഞ് ഇറങ്ങുന്നത് രാത്രിയാവും. ഉദ്ദേശം ആറ് മാസത്തേയ്ക്ക് വീട്ടിലേക്ക് വേണ്ട എല്ലാ സാധനങ്ങളുമായിട്ടാവും യുവതിയുടെ മടക്കം. തന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ അവശ്യ ഭക്ഷണങ്ങളും സംഭരിക്കും.

ഭക്ഷണം, ടോയ്ലറ്റ്, വീട് ശുചീകരണ സാമഗ്രികൾ എന്നിങ്ങനെ എല്ലാ അവശ്യസാധനങ്ങളും ഒന്നിച്ച് വാങ്ങും. ആറ് ബമ്പർ ജാറുകളിൽ എണ്ണ, ഒരു വർഷത്തേക്കുള്ള അരി, 20 വലിയ കെട്ട് വെണ്ണ, 10 ഡസൻ മുട്ടകൾ, 22 പാക്കറ്റ് പാസ്ത, 95 ചാക്ക് ക്രിസ്പ്സ് എന്നിവയൊക്കെ ഷോപ്പിംഗിൽ വീട്ടിലെത്തും. ഇനി ഈ സാധനങ്ങൾ വീട്ടിലെത്തിയാൽ അത് സൂക്ഷിച്ച് വയ്ക്കുന്നതിലും തബിതയുടേതായ ചിട്ടയുണ്ട്. സ്റ്റോറേജ് സ്‌പേസ് കഴിഞ്ഞാൽ വീടിന്റെ ഒഴിഞ്ഞ ഇടങ്ങളിലൊക്കെ സാധനങ്ങൾ സൂക്ഷിക്കും. ചിലപ്പോഴൊക്കെ സാധനങ്ങൾ അടുക്കളയിലും ഇടനാഴിയിലും പോലും അടുക്കി വയ്‌ക്കേണ്ടി വരുമെന്നും യുവതി പറഞ്ഞു.

തബിത ഒരു മിടുക്കിയായ വീട്ടമ്മയാണെന്ന് തോന്നുന്നുണ്ടോ. ഇത്രയും സാധനങ്ങൾ കേടാവാതെ എങ്ങനെ സൂക്ഷിക്കാം എന്നൊക്കെയാണ് യുവതിയുടെ വീഡിയോ കാണുന്നവർ ചിന്തിക്കുന്നത്.