
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ അർബുദത്തിന് ചികിത്സയിലാണെന്ന് പെന്റഗണിന്റെ ഇന്റലിജൻസ് റിപ്പോർട്ട്. പുട്ടിന്റെ ശരീര ചലനങ്ങളിലടക്കം വന്ന മാറ്റം കീമോ തെറാപ്പിയുടേയും മരുന്നുകൾ കഴിക്കുന്നതിന്റേയും സൂചനകളാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ധൃതിയിൽ യുക്രെയിൻ പിടിച്ചെടുക്കാൻ പുട്ടിൻ കാണിക്കുന്ന ആവേശത്തിന് പിന്നിൽ അദ്ദേഹത്തിന്റെ മാനസികാവസ്ഥ മാത്രമല്ല, ആരോഗ്യസ്ഥിതിയും കാരണമാണെന്നും റിപ്പോർട്ടിൽ പറയുന്നു. സമീപകാലത്ത് എടുത്ത ചിത്രങ്ങളിൽ പുട്ടിന്റെ മുഖം വളരെയേറെ വിളറിയും വീർത്തുമാണിരിക്കുന്നത്. അദ്ദേഹത്തിന്റെ കഴുത്ത്, നടത്തം, മറ്റു നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമ്പോൾ പാലിക്കുന്ന അകലം ഇതെല്ലാം പുട്ടിന്റെ രോഗാവസ്ഥയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. അമേരിക്കൻ റിപ്പബ്ലിക്കൻ സെനറ്റർ മാക്രോ റൂബിയോ പുട്ടിന്റെ ഉയർന്ന് നിൽക്കുന്ന പുരികങ്ങൾ ചൂണ്ടിക്കാട്ടി 'അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ട്' എന്ന് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ, കൂടുതൽ വിവരങ്ങളൊന്നും പുറത്തു പറയാൻ മാക്രോ തയ്യാറായില്ല. പുട്ടിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നേരത്തെയും വാർത്തകൾ പ്രചരിച്ചിരുന്നു. അതേസമയം പുട്ടിന് പാർക്കിൻസൺ രോഗമാണെന്നും റിപ്പോർട്ടുകളുണ്ട്. പുട്ടിന്റെ ആരോഗ്യം സംബന്ധിച്ച് ഔദ്യോഗിക റിപ്പോർട്ടുകളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.