
കണ്ണൂർ: കെ- റെയിൽവിരുദ്ധ സമരമടക്കമുള്ള ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്ന ഡി.സി.സി ജനറൽ സെക്രട്ടറി രാജീവൻ എളയാവൂരിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇന്നലെ രാത്രി പൊടിക്കുണ്ടിലെ വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അക്രമം.
നേരത്തെ ലഹരി വില്പനയ്‌ക്കെതിരെ കണ്ണൂർ ടൗൺ പൊലീസിൽ എളയാവൂർ പരാതിപ്പെട്ടതിന് പിന്നാലെ പ്രദേശത്തെ രണ്ടുപേർ കസ്റ്റഡിയിലായിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ രാജീവൻ എന്നയാളാണ് തടഞ്ഞുനിർത്തി കൊടുവാൾ കഴുത്തിനുനേരെ വീശിയത്. ഒഴിഞ്ഞു മാറിയതിനാൽ വെട്ട് കഴുത്തിൽ കൊണ്ടില്ല. എന്നാൽ തലയ്ക്ക് സാരമായി മുറിവേറ്റിട്ടുണ്ട്. കണ്ണൂർ കൊയിലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാജീവനെ ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്, മേയർ ടി.ഒ. മോഹനൻ, സതീശൻ പാച്ചേനി, എം.പി രാജേഷ് തുടങ്ങിയ നേതാക്കൾ സന്ദർശിച്ചു. ആക്രമത്തിൽ ഡി.സി.സി പ്രതിഷേധിച്ചു. അക്രമികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നും കണ്ണൂരിൽ വേരുറപ്പിക്കുന്ന ലഹരി മാഫിയയെ നിയന്ത്രിക്കാൻ പൊലീസ് തയ്യാറാകണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.