
ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങൾക്കുശേഷം ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ്  നായകൻ. മാലിദ്വീപിന്റെ പശ്ചാത്തലത്തിൽ ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. പൃഥ്വിരാജും ജോൺ പോൾ ജോർജും ആദ്യമായാണ് ഒന്നിക്കുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിന്റെ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്.ബ്ളസിയുടെ ആടുജീവിതം പൂർത്തീകരിച്ചശേഷം പൃഥ്വിരാജ് ജോൺ പോൾ ജോർജിന്റെ ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് വിവരം. ആടുജീവിതത്തിനു മൂന്നുമാസത്തെ ചിത്രീകരണം അവശേഷിക്കുന്നുണ്ട്. അൾജീരിയയിലാണ് തുടർ ചിത്രീകരണം. അതേസമയം കടുവ, ജനഗണമന, ഗോൾഡ് എന്നീ ചിത്രങ്ങൾ പൃഥ്വിരാജ് പൂർത്തിയാക്കി. രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത തീർപ്പാണ് റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം. മുരളി ഗോപി രചന നിർവഹിക്കുന്ന ചിത്രത്തിൽ ഇന്ദ്രജിത്, സൈജു കുറുപ്പ്, ഇഷ തൽവാർ , വിജയ് ബാബു, ഹന്ന റജി കോശി എന്നിവരാണ് മറ്റു താരങ്ങൾ. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് നിർമ്മാണം.