
കൊച്ചി: സ്വർണവില കുതിച്ചുയരുന്നതിനിടെ ആഭരണപ്രേമികൾക്ക് കൂടുതൽ തിരിച്ചടിയുമായി ബ്യൂറോ ഒഫ് ഇന്ത്യൻ സ്‌റ്റാൻഡേർഡ്സ് (ബി.ഐ.എസ്) ഹാൾമാർക്കിംഗ് ഫീസ് കൂട്ടി. ആഭരണമൊന്നിന് 35 രൂപയിൽ നിന്ന് 45 രൂപയായാണ് കൂട്ടിയത്. പുറമേ 18 ശതമാനം ജി.എസ്.ടിയുമുണ്ട്. പുതുക്കിയനിരക്ക് മാർച്ച് നാലിന് നിലവിൽ വന്നു.
ഹാൾമാർക്കിംഗ് നിർബന്ധമാക്കുംമുമ്പ് ഫീസ് 25 രൂപയായിരുന്നു. ഹാൾമാർക്കിംഗ് നിരക്കുവർദ്ധനയ്ക്ക് ആനുപാതികമായി പണിക്കൂലിയും കൂടുമെന്നതിനാൽ സ്വർണം വാങ്ങാൻ ഇനി ചെലവേറും. വെള്ളിയുടെ ഹാൾമാർക്കിംഗ് വിലയും 25 രൂപയിൽ നിന്ന് 35 രൂപയാക്കിയിട്ടുണ്ട്.
''രാജ്യവ്യാപകമായി കൂടുതൽ ഹാൾമാർക്കിംഗ് സെന്ററുകൾ തുറക്കുന്നതിനിടെ നിരക്ക് കുറയ്ക്കേണ്ടതിന് പകരം കൂട്ടിയത് അന്യായവും അനീതിയുമാണ്. നിരക്കുവർദ്ധന അടിയന്തരമായി പിൻവലിക്കാൻ ബി.ഐ.എസ് തയ്യാറാകണം""
അഡ്വ.എസ്.അബ്ദുൽ നാസർ,
ട്രഷറർ, എ.കെ.ജി.എസ്.എം.എ
സ്വർണവില മുന്നോട്ട്
ഔൺസിന് 1,932 ഡോളറിൽ നിന്ന് കഴിഞ്ഞ വാരാന്ത്യം രാജ്യാന്തര സ്വർണവില 1,971 ഡോളറിലേക്ക് കുതിച്ചെത്തി. കേരളത്തിൽ പവൻവില 37,360 രൂപയിൽ നിന്ന് 38,720 രൂപയിലേക്കും ഗ്രാം വില 4,670 രൂപയിൽ 4,840 രൂപയിലേക്കും ഉയർന്നു. രൂപയുടെ മൂല്യം ഇടിയുകയും രാജ്യാന്തരവില ഉയരുകയും ചെയ്‌താൽ ഈവാരം തന്നെ പവന് 39,000 രൂപ കടന്നേക്കും.
പൊന്നിന് എന്ത് നൽകണം?
നിലവിൽ ഗ്രാമിന് വില 4,840 രൂപ. മൂന്നു ശതമാനം ജി.എസ്.ടിയും മിനിമം എട്ടു ശതമാനം പണിക്കൂലിയും ചേരുമ്പോൾ ഒരു ഗ്രാം സ്വർണാഭരണത്തിന് 5,380 രൂപയെങ്കിലും നൽകണം.