
കീവ് : അധിനിവേശത്തിന്റെ പതിനൊന്നാം ദിനമായ ഇന്നലെയും യുക്രെയിന് മേൽ ആക്രമണം കടുപ്പിച്ച് റഷ്യ. യുക്രെയിൻ പോരാട്ടം നിറുത്താതെ ഒന്നും അവസാനിക്കില്ലെന്ന് ടർക്കിഷ് പ്രസിഡന്റ് തയേപ് എർദോഗനുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ റഷ്യൻ പ്രസിഡന്റ് പുട്ടിൻ വ്യക്തമാക്കി.
അതിനിടെ യുക്രെയിനിലെ സ്‌റ്റാറോകോസ്‌റ്റിയാന്റിനിവ് വ്യോമത്തവളം ഇന്നലെ റഷ്യൻ ആക്രമണത്തിൽ തകർന്നു. കൃത്യതയോടെ ശത്രുലക്ഷ്യം തകർക്കുന്ന ദീർഘദൂര ആയുധങ്ങളാണ് റഷ്യ പ്ര യോഗിച്ചത്. യുക്രെയിനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ റഷ്യൻ ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണ്.
കീവിൽ നിന്ന് 140 കിലോമീറ്റർ വടക്ക് - പടിഞ്ഞാറുള്ള സൈറ്റോമേയർ നഗരത്തിലെ ജനവാസ മേഖലകളിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ നിരവധി പേർ മരിച്ചു. ഓവ്റൂച്ച് നഗരത്തിൽ ആക്രമണങ്ങളിൽ ഒരു ഡസനിലേറെ വീടുകൾ തകർന്നു.
 ഒഡേസയിൽ ആക്രമണത്തിന് പദ്ധതി
കരിങ്കടൽ തീരത്തുള്ള യുക്രെയിനിലെ ചരിത്ര പ്രസിദ്ധമായ തുറമുഖ നഗരമായ ഒഡേസയിൽ റഷ്യ ബോംബാക്രമണത്തിന് പദ്ധതിയിടുന്നതായി യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കി ആരോപിച്ചു. റഷ്യൻ ആക്രമണത്തിനെതിരെ യുക്രെയിൻ ജനത ആയുധമെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അധിക സൈനിക സഹായത്തിനായി സെലെൻസ്കി യു.എസിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഒഡേസയിയിൽ യുക്രെയിൻ സേന റഷ്യയ്ക്കെതിരെ ശക്തമായ ചെറുത്ത് നിൽക്കുകയാണ്. ഖേഴ്സണിൽ ഉൾപ്പെടെ റഷ്യയ്ക്കെതിരെ ഇന്നലെയും പ്രതിഷേധങ്ങൾ നടന്നു. ഖാർക്കീവ്, മൈക്കലൈവ്, ചെർണീവ്, സുമി തുടങ്ങി റഷ്യൻ സേന വളഞ്ഞ നഗരങ്ങളിലെല്ലാം ഇന്നലെയും സംഘർഷം തുടർന്നു.
 11 ദിവസം, 15 ലക്ഷം അഭയാർത്ഥികൾ
കെ.പി.രാജീവൻ
ന്യൂഡൽഹി:യുക്രെയിനിനെതിരെയുള്ള റഷ്യയുടെ യുദ്ധം 11 ദിവസം പിന്നിടുമ്പോൾ അഭയാർത്ഥികൾ 15 ലക്ഷത്തിലെത്തുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഇത് 40 ലക്ഷം കവിയും.
പോളണ്ട്, റുമാനിയ, ഹംഗറി, മൊൾഡോവ എന്നീ രാജ്യങ്ങളിലേക്കാണ് അഭയാർത്ഥികൾ പാലായനം ചെയ്യുന്നത്. യുക്രെയിനുമായി 500 കിലോമീറ്റർ അതിർത്തി പങ്കിടുന്ന പോളണ്ടിൽ എത്തിയത് 5,48,000 പേരാണ്. 
ഹംഗറിയിൽ 1,33,000 പേരും സ്ലോവാക്യയിൽ 72,000 പേരും റുമാനിയയിൽ 51,260 പേരും യൂറോപ്പിലെ ഏറ്റവും ദരിദ്ര രാജ്യമായ മൊൾഡോവയിൽ 98,000 പേരും ബെലാറസിൽ 350 പേരും എത്തിയിട്ടുണ്ട്.
ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിൽ നിന്ന് മെഡിക്കൽ പഠനത്തിനും തൊഴിൽ തേടിയും എത്തിയവരോട് പോളണ്ടിലും ഹംഗറിയലും കടുത്ത വംശീയ വിവേചനം കാണിക്കുന്നതായും പരാതിയുടുണ്ട്. പോളണ്ട് അതിർത്തിയിൽ 60 മണിക്കൂറിലേറെ കാത്തിരുന്നാണ് സ്ത്രീകളും കുട്ടികളുമടക്കം രാജ്യം വിടുന്നത്. യുക്രെയിനിലെ പുരുഷന്മാരെ അഭയാർത്ഥികളാകാൻ സർക്കാർ അനുവദിക്കുന്നില്ല. പുരുഷന്മാർ രാജ്യത്തെ സംരക്ഷിക്കാനായി പോരാടാൻ നിയമപരമായി ബാദ്ധ്യസ്ഥരായതിനാലാണിത്. 
അഭയാർത്ഥികളെ സ്വീകരിക്കാൻ യൂറോപ്യൻ യൂണിയൻ പദ്ധതി തയ്യാറാക്കുകയാണ്. മൂന്ന് വർഷം രാജ്യത്ത് താമസിക്കാനും തൊഴിലെടുക്കാനുള്ള പദ്ധതിയാണ് 27 രാജ്യങ്ങൾ ചേർന്ന് തയ്യാറാക്കുന്നത്. പാർപ്പിടം, ചികിത്സ, സ്കൂൾ പ്രവേശനം എന്നിവയുമടങ്ങിയതാണ് പദ്ധതി. 
ഹംഗറിയും റുമാനിയയും ഭക്ഷണത്തിനും വസ്ത്രത്തിനുമുള്ള അലവൻസ് നൽകുന്നതോടൊപ്പം കുട്ടികൾക്ക് സ്കൂളുകളിൽ പ്രവേശനവും നൽകുന്നു. ബ്രിട്ടൻ രണ്ട് ലക്ഷം അഭയാർത്ഥികളെ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
 യുക്രെയിനിലെ ആരോഗ്യ സംവിധാനങ്ങൾക്ക് നേരെ റഷ്യൻ ആക്രമണം ഉണ്ടായെന്ന് ലോകാരോഗ്യ സംഘടന
 വിന്നൈസ്യ വിമാനത്താവളം റഷ്യൽ മിസൈൽ ആക്രമണത്തിൽ തകർന്നെന്ന് സെലെൻസ്കി
 ഫെബ്രുവരി 24 മുതൽ 11,000ത്തിലേറെ റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുക്രെയിൻ
 യുക്രെയിനിലെ ജനസംഖ്യ കൂടിയ പ്രദേശങ്ങളിൽ റഷ്യൻ ആക്രമണത്തിന് സാദ്ധ്യതയെന്ന് യു.കെ ഇന്റലിജൻസ് റിപ്പോർട്ട്
 വൊളൊഡിമിർ സെലെൻസ്കിയുമായി 30 മിനിറ്റ് ഫോണിൽ സംസാരിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ
 പൗരന്മാർ റഷ്യ വിടണമെന്ന് കാനഡ