
ആറ്റിങ്ങൽ: മാനസിക അസ്വാസ്ഥ്യമുള്ള 15 വയസുകാരിയെ വീട്ടിലേക്ക് കൊണ്ടുപോയി കണ്ണും കൈയും കെട്ടി മാനഭംഗപ്പെടുത്തിയ കേസിൽ ബന്ധുവായ ഇടവ പാറയിൽ ദേശത്ത് രവിചന്ദ്രന് (60) ആറ്റിങ്ങൽ ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജ് പ്രഭാഷ് ലാൽ 20 വർഷം കഠിനതടവ് വിധിച്ചു.
2017 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പീഡനത്തിനിരയായ പെൺകുട്ടി പിന്നീട് ആത്മഹത്യ ചെയ്തു. വിചാരണ ആരംഭിക്കുന്നതിന് മുൻപ് പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ അതിക്രമത്തിന് ഇരയായ കുട്ടിയെ കോടതി മുൻപാകെ സാക്ഷിയായി വിസ്തരിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.
അതിക്രമത്തിന് ഇരയായ പെൺകുട്ടിയെ ചികിത്സിച്ചത് സംബന്ധിച്ച് മെഡിക്കൽ രേഖകളും മറ്റു സാക്ഷിമൊഴികളും സാഹചര്യങ്ങളും പരിഗണിച്ച കോടതി പെൺകുട്ടിയുടെ അമ്മയുടെ മൊഴി മുഖവിലയ്ക്കെടുക്കുകയായിരുന്നു. ലൈംഗിക അതിക്രമം നേരിട്ട ഉടൻ കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ പെൺകുട്ടി സംഭവം മാതാവിനോട് പറയുകയും അവർ പൊലീസിൽ അറിയിക്കുകയായിരുന്നു.
ഉച്ചയ്ക്ക് സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടി മാതാവ് പറഞ്ഞപ്രകാരം തൊട്ടടുത്ത കടയിലെത്തി വീട്ടുസാധനങ്ങൾ വാങ്ങി തിരികെ മടങ്ങുമ്പോഴാണ് ബന്ധുവും സമീപവാസിയുമായ പ്രതി അതിക്രമം നടത്തിയത്.
മാനസിക അസ്വാസ്ഥ്യമുള്ള കുട്ടിയോട് അതിക്രമം കാണിച്ച കുറ്റത്തിന് പത്തു വർഷം കഠിനതടവും 50,000/- രൂപ പിഴശിക്ഷയും, പിഴത്തുക കെട്ടി വയ്ക്കാത്ത സാഹചര്യത്തിൽ ഒരു വർഷം കഠിനതടവും അനുഭവിക്കണമെന്ന് ഉത്തരവിലുണ്ട്. പിഴത്തുകയിൽ 25000 രൂപ മരണപ്പെട്ട പെൺകുട്ടിയുടെ മാതാവിന് നൽകണമെന്നും ഉത്തരവിൽ പറയുന്നു.
ബന്ധുവായ കുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച കുറ്റത്തിന് പ്രത്യേകം പത്ത് വർഷം കഠിന തടവിനും 50,000 രൂപ പിഴ ശിക്ഷയു, പിഴത്തുക കെട്ടി വയ്ക്കാത്ത സാഹചര്യത്തിൽ ഒരു വർഷം കഠിനതടവും കോടതി ഉത്തരവായിട്ടുണ്ട്.
കുറ്റകരമായ ഭീഷണിപ്പെടുത്തലിന് അഞ്ചുമാസം കഠിനതടവും വിധിച്ചു. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാൽ മതിയെന്നും ജയിലിൽ കിടന്ന കാലം ശിക്ഷ ഇളവിന് അർഹതയുണ്ടെന്നും വിധി ന്യായത്തിൽ പറയുന്നു.
പീഡനത്തിന് ഇരയാക്കുകയും പിന്നീട് മരണപ്പെടുകയും ചെയ്ത പെൺകുട്ടിയെ സംബന്ധിച്ച് കോടതി ഉത്തരവായ പിഴതുക നഷ്ടപരിഹാരം എന്ന നിലയിൽ അപര്യാപ്തമാണെന്നും വിക്ടിം കോമ്പൻസേഷൻ ഫണ്ടിൽ നിന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി മുഖേന മതിയായ നഷ്ടപരിഹാരം നൽകുന്നതിലേക്ക് നടപടിക്കും കോടതി ഉത്തരവിൽ പ്രത്യേക നിർദേശമുണ്ട്.
പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമം അനുസരിച്ചു മാനസികാസ്വാസ്ഥ്യമുള്ളതും ബന്ധുവുമായ മൈനർ പെൺകുട്ടിയെ ബലാത്സംഗം നടത്തിയെന്ന കുറ്റം കൂടി തെളിയിക്കപ്പെട്ടുവെങ്കിലും പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത് കണക്കാക്കി ബലാത്സംഗം എന്നതിൽ പ്രത്യേക ശിക്ഷ വിധിച്ചിട്ടില്ല.
അയിരൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത്, എസ്.ഐയായിരുന്ന പി.വി. രമേഷ് കുമാർ അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷൻ പതിമൂന്ന് സാക്ഷികളെ വിസ്തരിച്ചു. 23 രേഖകളും ഏഴ് തൊണ്ടിമുതലുകളും ഹാജരാക്കി.
പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം. മുഹസിൻ ഹാജരായി.